അടിക്ക് തിരിച്ചടി; അതിർത്തിയിൽ വൻസൈനിക നീക്കം ആരംഭിച്ച് അഫ്ഗാനിസ്ഥാൻ, 55 പാക് സൈനികരെ വധിച്ചെന്ന് വാദം
കാബൂൾ: അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം നടത്തിയ പാകിസ്ഥാനെതിരെ പ്രത്യാക്രമണം ആരംഭിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്ഥാന്റെ വ്യോമാക്രമണത്തിനുള്ള മറുപടിയായിട്ടാണ് ഇന്നലെ രാത്രിയോടെ കനത്ത ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് അഫ്ഗാൻ സൈന്യം അറിയിച്ചു. നംഗർഹാർ, പക്ടിക പ്രവിശ്യകളിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഏറ്റുമുട്ടലെന്ന് അഫ്ഗാൻ സൈന്യം പറഞ്ഞതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാകിസ്ഥാന്റെ 55ൽ അധികം സൈനികർ കൊല്ലപ്പെട്ടെന്നും അഫ്ഗാനിസ്ഥാൻ അറിയിച്ചു.
നാല് മണിക്കൂർ നീണ്ട പോരാട്ടത്തിൽ രണ്ട് പാകിസ്ഥാൻ സൈനിക താവളങ്ങളും 19 സൈനിക പോസ്റ്റുകളും പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. പോസ്റ്റുകളിൽ നിന്ന് സൈനികർ ഓടി രക്ഷപ്പെട്ടതായും ആരോപിച്ചിട്ടുണ്ട്. 'നിരവധി പാക് സൈനികരെ ജീവനോടെ പിടികൂടി, ഡസൻ കണക്കിന് ലൈറ്റ്, ഹെവി ആയുധങ്ങൾ, വെടിക്കോപ്പുകൾ, സൈനിക സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു. ഒരു പാകിസ്ഥാൻ ടാങ്ക് നശിപ്പിക്കുകയും ഒരു വലിയ സൈനിക ഗതാഗത വാഹനം പിടിച്ചെടുക്കുകയും ചെയ്തു'- അഫ്ഗാനിസ്ഥാൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ഫെബ്രുവരി 22ന് അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാൻ സൈനികാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ എഴുപതോളം ഭീകരരെ വധിച്ചെന്നാണ് പാക് സൈന്യം അവകാശപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും പ്രതികരിച്ചു.
നംഗർഹാർ, പക്ടിക പ്രവിശ്യകളിലെ ഏഴ് ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണു പാകിസ്ഥാൻ അവകാശപ്പെടുന്നത്. ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരാണെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരിച്ചടിച്ചത്.
അതേസമയം, ജനവാസ മേഖലകളിലും മദ്രസകളിലും പാകിസ്ഥാൻ ബോംബിട്ടതായും നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു. ഭീകരരെ കൊലപ്പെടുത്തിയെന്ന പാക് വാദം തെറ്റാണെന്നും സ്വന്തം രാജ്യത്തെ സുരക്ഷാ വീഴ്ചകൾ മറയ്ക്കാനാണ് പാകിസ്ഥാൻ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നുമാണ് അഫ്ഗാനിസ്ഥാൻ പറയുന്നത്.