ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് അന്തരിച്ചു

Friday 27 February 2026 9:55 AM IST

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖാൻചന്ദ് സിംഗ് അന്തരിച്ചു. കരളിനെ ബാധിച്ച ക്യാൻസറിനെ തുടർന്ന് അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. ഗ്രേറ്റർ നോയിഡയിലെ യാതാർത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില ഈ ആഴ്ച ആദ്യം വഷളായിരുന്നു. ഇതേത്തുടർന്ന് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന റിങ്കു ക്യാമ്പ് വിട്ടിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

ഒരു വർഷം മുമ്പാണ് കരളിന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. റിങ്കുവിന്റെ ക്രിക്കറ്റ് കരിയറിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചയാളാണ് പിതാവ് ഖാൻചന്ദ് സിംഗ്. അലിഗഡിൽ എൽപിജി സിലിണ്ടർ ഡെലിവറിമാനായി ജോലി ചെയ്തിരുന്ന അദ്ദേഹം, സാമ്പത്തിക പരിമിതികൾക്കിടയിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാദ്ധ്യമായ എല്ലാ അവസരങ്ങളും റിങ്കുവിന് നൽകി. റിങ്കു ഇന്ത്യൻ ടീമിൽ എത്തിയ ശേഷവും അദ്ദേഹം ഗ്യാസ് സിലിണ്ടർ ഡെലിവറി ജോലി ചെയ്തിരുന്നു.