ചിലക്കൂർ തുരങ്കം തുറന്നു: ടൂറിസത്തിന് ഉണർവ്

Saturday 28 February 2026 12:46 AM IST

വർക്കല: ആക്കുളം - ചേറ്റുവ ജലപാതയുടെ ആദ്യഘട്ടത്തിന് തുടക്കമായതോടെ,ജില്ലയിലെ ടൂറിസം സാദ്ധ്യതകളും വർദ്ധിച്ചതായി വിദഗ്ദ്ധർ പറയുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതോടെ നിക്ഷേപസാദ്ധ്യതകളും ഗണ്യമായി വർദ്ധിക്കും. ചിലക്കൂർ വിനോദസഞ്ചാര വികസന പദ്ധതിയുടെ ഭാഗമായി,19-ാം നൂറ്റാണ്ടിൽ നിർമ്മിച്ച വർക്കല തുരപ്പിലെ ചിലക്കൂർ ചെറിയ തുരങ്കം നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയതാണ് ഹൈലൈറ്റ്. ചിലക്കൂർ തുരങ്കം 1960വരെ ചരക്ക് നീക്കത്തിന് ഉപയോഗിച്ചിരുന്നു. പിന്നീട് വെള്ളവും ചെളിയും നിറഞ്ഞ് കാട്ടുചെടികൾ വളർന്ന് ഉപയോഗശൂന്യമായി.

2006-07ൽ തുരങ്കം വൃത്തിയാക്കി ചെറിയ വള്ളങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിലാക്കിയിരുന്നു. തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ ശിവഗിരി തുരങ്കം വഴി ബോട്ടിൽ സഞ്ചരിച്ചു.

2018ൽ സംസ്ഥാന സർക്കാർ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതി ആരംഭിക്കുകയും,തകർന്ന കനാലുകൾ നവീകരിക്കുകയും ചെയ്തു. 2021 -22ൽ കോവളം മുതൽ ബേക്കൽ വരെയുള്ള കനാലിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകി. സംസ്ഥാന സർക്കാരും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ചേർന്നുണ്ടാക്കിയ കേരള വാട്ടർവെയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് (ക്വിൽ) കനാൽ നവീകരണം നടപ്പിലാക്കുന്നത്. ശിവഗിരി തുരങ്കത്തിന്റെ നവീകരണപ്രവർത്തനങ്ങളും ഉടനുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ലൈറ്റ് ആൻഡ് സൗണ്ട് ഷോ

ചിലക്കൂർ വിനോദസഞ്ചാര വികസന പദ്ധതിയുടെ ഭാഗമായി തുരങ്കത്തിനുള്ളിൽ ഒരുക്കിയിട്ടുള്ള അത്യാധുനിക ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ശ്രദ്ധയാകർഷിക്കുന്നു.ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം,തിരുവിതാംകൂർ ചരിത്രം എന്നിവയാണ് ഇതിൽ പ്രദർശിപ്പിക്കുന്നത്. 20 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബോട്ടുകളിലാണ് ടണൽ യാത്ര.തുരങ്കത്തിനുള്ളിലേക്കും തിരികെയുമായി യഥാക്രമം 7മിനിട്ടാണ് വേണ്ടത്.ശബ്ദ - വായു മലിനീകരണം ഒഴിവാക്കി ഗ്രീൻ ടൂറിസത്തിന് മാതൃകയാകുന്ന പദ്ധതിയാണിത്.

ജലപാത സജീവമായാൽ

ജലഗതാഗതം സജീവമാകുന്നതോടെ ചെറുകിട ഹൗസ്‌ബോട്ടുകൾക്കും ക്രൂയിസ് സർവീസുകൾക്കും ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താൻ കഴിയും. ഹോംസ്റ്റേ,ഭക്ഷണശാല,ഗൈഡ് സേവനങ്ങൾ എന്നിവയിലും വളർച്ചയുണ്ടാകും. ജലപാത വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിലൂടെ മൾട്ടിമോഡൽ ലോജിസ്റ്റിക് ശൃംഖല രൂപപ്പെടും. ജലപാതയുടെ വശങ്ങളിൽ അത്യാധുനിക നിലവാരത്തിലുള്ള ബോട്ട് ജെട്ടികളും സജ്ജീകരിക്കും.

ചരിത്രം

തിരുവനന്തപുരത്തു നിന്ന് കൊല്ലം വരെയുള്ള ജലഗതാഗതത്തിന് പ്രധാന തടസം വർക്കലയിലെ കുന്നുകളായിരുന്നു. അഞ്ചുതെങ്ങ്,ഇടവ - നടയറ കായലുകളിലെ ജലപാതകളെ പരസ്പരം ബന്ധിപ്പിച്ചാൽ ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ചീഫ് എൻജിനിയറായ വാൽത്യൂസ് ക്ലാറൻസ് ബാർട്ടൻ നിർദ്ദേശിക്കുകയും നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു.തിരുവിതാംകൂർ ദിവാനായിരുന്ന ടി.മാധവറാവുവിന്റെ ഭരണകാലത്താണ് വർക്കല കുന്ന് തുരന്ന് തുരങ്കം നിർമ്മിച്ചത്.

1870 ജൂലായ് 7നാണ് ടണലിന്റെ പണിയാരംഭിച്ചത്.ശിവഗിരി ടണലും ചിലക്കൂർ ചെറിയ ടണലും ഉൾപ്പെടുന്ന രണ്ട് പ്രധാന തുരങ്കങ്ങളാണ് വർക്കലയിലുള്ളത്.1000 അടി നീളം വരുന്ന ചിലക്കൂർ ചെറിയ തുരപ്പ് 1876ലും,2500 അടി നീളമുള്ള ശിവഗിരി തുരപ്പ് 1880ലുമാണ് യാഥാർത്ഥ്യമായത്.

പ്രാദേശിക തൊഴിലവസരങ്ങൾ വർദ്ധിക്കും.കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ പദ്ധതിയിലൂടെ സാധിക്കും.

അഡ്വ.വി.ജോയി എം.എൽ.എ