മോഹൻലാൽ ചിത്രവുമായി വീണ്ടും ഷിബു ബേബി ജോൺ, സംവിധാനം ദിലീഷ് പോത്തൻ

Saturday 28 February 2026 6:40 AM IST

മോഹൻലാൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ ആന്റ് മേരി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷിബു ബേബി ജോൺ. ജോൺ ആന്റ് മേരി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ശ്യാം പുഷ്കരൻ രചന നിർവഹിക്കുന്ന ചിത്രം ഇൗവർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. വയനാടാണ് പ്രധാന ലൊക്കേഷൻ. ഇതാദ്യമായാണ് മോഹൻലാലും ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഒരുമിക്കുന്നത്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം ദിലീഷ് പോത്തന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് മോഹൻലാലിന്റെ തീരുമാനം. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വിഷ്ണുമോഹൻ നിർവഹിക്കുന്നു. വമ്പൻ ക്യാൻവാസിൽ എത്തുന്ന ചിത്രം ശ്രീഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുന്നത്. എൽ 367 എന്ന് താത്കാലികമായി പേര് നൽകുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു. മേപ്പടിയാൻ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.

അതേസമയം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. മീര ജാസ്മിൻ ആണ് നായിക.രതീഷ് രവി രചന നിർവഹിക്കുന്ന ചിത്രത്തിൽ ബിനുപപ്പു, ഇർഷാദ്, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഒക്ടോബറിൽ പൂജ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്നു. മോഹൻ ലാലിന്റെ കരിയറിലെ മറ്റൊരു മികച്ച വർഷം ആയിരിക്കും 2026. പേട്രിയറ്റ് ആണ് ആദ്യ റിലീസ് . ഓണം റിലീസായി ഒരുങ്ങുന്ന തുടക്കം, ഖലീഫ, ജയിലർ 2 എന്നീ ചിത്രങ്ങളിൽ അതിഥി താരമായി എത്തുന്നു.