യുവാവിന്റെ കുരുതി ദമ്പതികൾ കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷം: ആറളത്തിന് ആനപ്പകയുടെ ഫെബ്രുവരി

Friday 27 February 2026 10:05 PM IST

ഇരിട്ടി: 2025 ഫെബ്രുവരി 22നാണ് ആറളം പുനരധിവാസ ബ്ളോക്കിലെ വെള്ളി ( 80), ലീല (70) ദമ്പതിമാരുടെ ജീവൻ കാട്ടാനപ്പകയിൽ ഞെരിഞ്ഞത്. ഈ ഫെബ്രുവരിയിൽ വീട്ടിൽ നിന്ന് മകനെ പുറത്തേക്ക് മൂത്രമൊഴിക്കാൻ കൊണ്ടുപോകുമ്പോഴാണ് ദളിത് യുവാവായ അനീഷ് കൊല്ലപ്പെട്ടിരിക്കുന്നത്.വീട്ടിൽ പോലും നിൽക്കാൻ സാധിക്കാത്ത തരത്തിൽ കാട്ടാനശല്യം മാറിയിരിക്കുന്നുവെന്നാണ് ഒരു വർഷത്തിന് ശേഷമുള്ള ആറളം ഫാമിലെ അനുഭവം പഠിപ്പിക്കുന്നത്.

ദമ്പതികൾ കൊല്ലപ്പെട്ട സമയത്ത് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും ഉദ്യോഗസ്ഥ സംഘവും രാഷ്ട്രീയപ്രതിനിധികളും പാവപ്പെട്ട ആറളംഫാം പുനരധിവാസ മേഖലയിലെ ആദിവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിരവധിയായിരുന്നു. എന്നാൽ ഇത് പാലിക്കുന്നതിൽ കാണിച്ച അനാസ്ഥയ്ക്കാണ് അനീഷിന്റെ ജീവൻ ബലി നൽകേണ്ടിവന്നത്. കശുവണ്ടി സീസണിലാണ് ആറളത്ത് കാട്ടാനയുടെ ആക്രമണങ്ങളിലേറെയും ഉണ്ടായത്.

മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ആനമതിൽ പൂർത്തിയാകും വരെ തൂക്ക് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് പണം വകയിരുത്തിയതാണ്. വേലിയുടെ നിർമ്മാണത്തിനും ആറ്റകുറ്റപണികൾക്കും ടി.ആർ.ഡിഎമ്മിനെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ കൃത്യമായി വോൾട്ടേജിൽ സോളാർ വൈദ്യൂതി കടത്തിവിടുന്നതിൽ ടി.ആർ.ഡി.എം അനാസ്ഥ കാട്ടുന്നുവെന്നാണ് ആദിവാസി സംഘടനകളുടെ ആരോപണം. പുനരധിവാസ മേഖലയിലെ നാലാൾ പൊക്കത്തിലുള്ള കാടുകൾ വെട്ടിത്തെളിക്കുന്ന നടപടിയും പാതി വഴിയിൽ ഉപേക്ഷിച്ചു. കശുവണ്ടി സീസൺ ആരംഭിച്ചത്തോടെ കാട്ടാനകൾ പുനരധിവാസ മേഖലയിൽ കൂടുതലായി തമ്പടിച്ചിരിക്കുകയാണ്.

പരാജയമായ ഗജമുക്തി

കാട്ടാനകളെ തുരത്താനെന്ന പേരിൽ നടത്തിയ ഗജമുക്തിയും പരാജയപ്പെട്ടു.പകൽ സമയത്ത് തുരത്തിയാൽ രാത്രിയിൽ കൂട്ടമായി ആനകൾ പുനരധിവാസ മേഖലയിലേക്ക് തിരിച്ച് വരുന്നത് പതിവ് കാഴ്ചയാണ്. പദ്ധതി പരാജയമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അടുത്താണ് ബോദ്ധ്യപ്പെട്ടത്. കാടുകൾ വെട്ടിത്തെളിക്കാതെയും ആനമതിൽ നിർമ്മാണം പൂർത്തിയാക്കാതെയും ഗജ മുക്തി പദ്ധതി മുന്നോട്ടുപോകില്ലെന്ന് വനപാലകർ തന്നെ പറയാൻ തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലായി സമാധാനത്തോടെ ജീവിച്ചുവന്ന ആദിവാസികളെ ഫാമിൽ താമസിപ്പിച്ച് കാട്ടാനകൾക്ക് ഇരകളായി ഇട്ടുകൊടുക്കുകയാണെന്നാണ് ഇപ്പോഴത്തെ ആരോപണം. ഫാമിൽ താമസിക്കാൻ വരാത്തവപുടെ ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കുന്ന സമയത്താണ് കാട്ടാന ആക്രമണത്തിൽ യുവാവിന്റെ ദാരുണമരണം. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആദിവാസികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അടിസ്ഥാന സൗകര്യവും ഒരുക്കി കൊടുക്കുവാനും ആനമതിൽ നിർമ്മാണം ഉടനെ പൂർത്തിയാക്കാനും സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്നാണ് ആദിവാസി ജനതയുടെ അഭിപ്രായം.