12 വർഷത്തെ മുറി തർക്കത്തിന് പരിഹാരം: തഹസിൽദാർ താക്കോൽ കൈമാറി
Saturday 28 February 2026 7:48 AM IST
ചേർത്തല: ചേർത്തല മിനിസിവിൽ സ്റ്റേഷനിൽ 12 വർഷം പിന്നിട്ട മുറി തർക്കത്തിന് പരിഹാരം. മുറിയുടെ താക്കോൽ വെള്ളിയാഴ്ച വൈകിട്ട് സിവിൽ സ്‌റ്റേഷൻ ചുമതലക്കാരനായ തഹസിൽദാർ ചേർത്തല ജോയിന്റ് ആർ.ടി.ഒയ്ക്ക് കൈമാറി.കൃഷിവകുപ്പിന്റെ കൈയിലുണ്ടായിരുന്ന മുറി 2014ലാണ് ജോയിന്റ് ആർ.ടി.ഒ ഓഫീസിന് കൈമാറാൻ തീരുമാനിച്ചത്.എന്നാൽ മുറിയിലെ സാമഗ്രികൾ നീക്കാൻ ഇടമില്ലെന്ന കാരണത്തിൽ കൃഷിവകുപ്പ് മുറിയൊഴിഞ്ഞിരുന്നില്ല. ആറു തവണ തഹസിൽദാർ രേഖാമൂലം മുറിയൊഴിയാൻ നോട്ടീസ് നൽകിയിട്ടും നടന്നിരുന്നില്ല. മന്ത്രി പി.പ്രസാദിന്റെ ഇടപെടലിൽ വർഷങ്ങളായുള്ള പ്രശ്നത്തിന് പരിഹാരമാകുകയായിരുന്നു. ജനുവരിക്ക് ശേഷമാണ് മുറിയിലെ സാമഗ്രികൾ നീക്കിയത്. ജോയിന്റ് ആർ.ടി.ഒ ഓഫീസിനോടു ചേർന്ന മുറി കിട്ടുന്നതോടെ ആർ.ടി.ഒ ഓഫീസിലെ സ്ഥലപരിമിതിക്കു പരിഹാരമുണ്ടാക്കാനാകും.