ജില്ലയിൽ പറന്നെത്തും 3462 വോട്ടർമാർ !
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 3462 പ്രവാസികൾ. ഇതിൽ 2645 പരുഷന്മാരും 817 സ്ത്രീകളുമാണ്. പുതിയ എസ്.ഐ.ആർ പട്ടിക പ്രകാരം ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലെ പ്രവാസി വോട്ടർമാരുടെ കണക്കാണിത്.
ട്രാൻസ്ജെൻഡർ വോട്ടർമാരായിട്ടുള്ള പ്രവാസികൾ ജില്ലയിലില്ല. ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലാണ് കൂടുതൽ പ്രവാസി വോട്ടർമാരുള്ളത്. 545 പുരുഷന്മാരും 233 സ്ത്രീകളുമുൾപ്പടെ 762 വോട്ടർമാർ. ഏറ്റവും കുറവ് ചേർത്തലയിലാണ്. 57 പുരുഷന്മാരും 29 സ്ത്രീകളുമടക്കം 86 പേർ.
വോട്ട് രേഖപ്പെടുത്താൻ എല്ലാ തിരഞ്ഞെടുപ്പിലും നാട്ടിലെത്തുന്നവരുണ്ട്. ജനാധിപത്യത്തോടുള്ള വിശ്വാസവും, പ്രസ്ഥാനത്തിനോടും, സ്ഥാനാർത്ഥിയോടുള്ള ആദരവുമൊക്കെ ഇതിന്റെ ഭാഗമാണ്. ഓരോ വോട്ടും പ്രധാനമായുള്ള തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ വോട്ട് ഉറപ്പാക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സംസ്ഥാനത്ത് 2.23 ലക്ഷം പേർ
1.സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലുമായി 223558 പ്രവാസി വോട്ടർമാരാണുള്ളത്.190090 പുരുഷന്മാരും 33458 സ്ത്രീകളും 10 ട്രാൻസ്ജന്റേഴ്സുമുൾപ്പടെയാണിത്.വടക്കൻ കേരളത്തിലാണ് വോട്ടുകൾ കൂടുതൽ.
2.കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പ്രവാസി വോട്ടർമാരുള്ളത്. 57679 പേരാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണൂർ (52163), മലപ്പുറം (39501) എന്നീ ജില്ലകളാണ് തൊട്ടടുത്തുള്ളത്
3. നിയമസഭാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് കുറ്റ്യാടിയിലാണ്, 16002 വോട്ടർമാർ.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മണ്ഡലത്തിലാണ് ഏറ്റവും കുറവ്, 13പേർ.
ജില്ലയിലെ പ്രവാസി വോട്ടർമാർ
(മണ്ഡലം, പുരുഷൻ, സ്ത്രീ, ആകെ)
ആരൂർ: 151, 60, 211
ചേർത്തല: 57, 29, 86
ആലപ്പുഴ: 115, 33, 148
അമ്പലപ്പുഴ: 351, 84, 435
കുട്ടനാട്: 260, 65, 325
ഹരിപ്പാട്: 369, 76, 445
കായംകുളം: 484, 131, 615
മാവേലിക്കര: 313, 116, 429
ചെങ്ങന്നൂർ: 545, 223, 768