ചേർത്തല- തിരുനെല്ലി ക്ഷേത്രം ബസ് സർവീസ് മാർച്ച് 2 മുതൽ
ആലപ്പുഴ: ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് തിരുനെല്ലി ക്ഷേത്രത്തിലേക്കും, അരൂക്കുറ്റിയിൽ നിന്ന് തിരുവനന്തപുരത്തേക്കും ആരംഭിക്കുന്ന ദീർഘദൂര ബസുകളുടെ ഉദ്ഘാടനം മാർച്ച് 2ന് ദലീമ ജോജോ എം.എൽ.എ നിർവഹിക്കും. തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള സൂപ്പർ ഫാസ്റ്റ്, തുറവൂർ ക്ഷേത്ര പരിസരത്ത് രണ്ടിന് രാവിലെ 7നും തിരുവനന്തപുരം ഫാസ്‌റ്റ് പാസഞ്ചർ 8.30ന് അരൂക്കുറ്റിയിലും ഫ്ലാഗ് ഓഫ് ചെയ്യും. എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കൊട്ടിയൂർ ക്ഷേത്രം, മാനന്തവാടി വഴിയാണ് തിരുനെല്ലി ക്ഷേത്രം സർവീസ്.
രാവിലെ 5ന് ചേർത്തലയിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകിട്ട് 5.10 തിരുനെല്ലിയിൽ എത്തിച്ചേരും. പിറ്റേന്ന് രാവിലെ 6ന് തിരുനെല്ലിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 6.10ന് ചേർത്തലയിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയക്രമം.തിരുവനന്തപുരം ഫാസ്‌റ്റ് പാസഞ്ചർ രാവിലെ 6 ന് ചേർത്തലയിൽ നിന്ന് അരൂക്കുറ്റിക്ക് പുറപ്പെട്ട് 7ന് അരൂക്കുറ്റിയിൽ നിന്ന് ചേർത്തല, അലപ്പുഴ, കൊല്ലം വഴി 1.20 ന് തിരുവനന്തപുരത്ത് എത്തി, തിരികെ വൈകിട്ടു 3.45ന് പുറപ്പെട്ട് രാത്രി 8.55 ന് ചേർത്തലയിൽ എത്തിച്ചേരും.