പ്രതിമാസ വാടക ആറുലക്ഷം രൂപ,​ അയൽക്കാരായി സൂപ്പർതാരങ്ങൾ,​ ആഡംബര ഫ്ലാറ്റിന്റെ പ്രത്യേകതകൾ ഇവയാണ്

Friday 27 February 2026 11:33 PM IST

മുംബയിൽ ആ‌ഡംബര ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് ബോളിവുഡ് താരം ശ്രദ്ധ കപൂർ. മുംബയിലെ ഏറ്റവും ചെലവേറിയ പ്രദേശങ്ങളിലൊന്നായ ജൂഹുവിലാണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. പ്രൈംബീച്ച് എന്ന ആഡംബര ഫ്ലാറ്റിന്റെ പാട്ടക്കരാർ പുതുക്കുകയാണ് താരം ചെയ്തത്. പ്രതിമാസം ആറുലക്ഷം രൂപയാണ് ഫ്ലാറ്റിന്റെ വാടക. ഒരു വർഷം മാത്രം വാടകയായി 72 ലക്ഷം രൂപയാണ് ശ്രദ്ധ നൽകുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക രജിസ്ട്രേഷൻ നടപടികൾ ഫെബ്രുവരിയിൽ പൂർത്തിയായി. ഏകദേശം 3,929 ചതുരശ്ര അടി വിസ്തീർണമുള്ള വിശാലമായ ഫ്ലാറ്റാണിത്. കടലിന് അഭിമുഖമായാണ് ഫ്ലാറ്റ് നിലകൊള്ളുന്നത്. വലിയ ജനാലകൾ,​ പ്രകൃതി ദത്ത വെളിച്ചവും കടൽക്കാറ്റും ലഭിക്കുന്ന ബാൽക്കണി എന്നിവ ഫ്ലാറ്റിന്റെ പ്രത്യേകതയാണ്.

മുംബയ് പോലെ തിരക്കേറിയ നഗരത്തിൽ,​ നാലു കാറുകൾ വരെ പാർക്ക് ചെയ്യാൻ കഴിയും എന്നതാണ് ഫ്ലാറ്റിന്റെ ഏറ്റവും വലിയ ആഡംബരമായി കണക്കാക്കുന്നത്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, ഹൃതിക് റോഷൻ തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം ഈ മേഖലയിലാണ് താമസിക്കുന്നത്. ഇതാണ് ശ്രദ്ധ കപൂറിനെ ഇവിടേക്ക് ആകർഷിച്ചത്. ബോളിവുഡ് താരങ്ങൾ ധാരാളമുള്ളതിനാൽ, ആഡംബരം, സ്വകാര്യത, സുരക്ഷ എന്നിവയ്ക്ക് ഈ മേഖലയിൽ വലിയ മുൻഗണന നൽകുന്നു. അതുകൊണ്ടാണ് യുവതാരങ്ങളും ജുഹുവിനെ തിരഞ്ഞെടുക്കുന്നത്.

ബോളിവുഡ് താരങ്ങൾ ജുഹുവിലെ താമസത്തെ ഒരു സ്റ്റാറ്റസ് സിംബലായി കാണുന്നു. കടലിനെ അഭിമുഖീകരിക്കുന്ന ബംഗ്ലാവുകളുടെ വാസ്തുവിദ്യയും വളരെ മനോഹരമാണ്. ഇവിടുത്തെ ആഡംബര ജീവിതശൈലി സാധാരണക്കാർക്ക് എപ്പോഴും കൗതുകകരമായ കാര്യമാണ്.

'സ്ത്രീ' ഫ്രാഞ്ചൈസിയും 'ആഷിഖി 2'വും വഴി ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളായി മാരിയ നടിയാണ് ശ്രദ്ധ കപൂർ. സിനിമകളിലെ വൻ വിജയം താരത്തിന്റെ ജീവിതശൈലിയെയും മാറ്റിമറിച്ചു. 2024 ഒക്ടോബറിലാണ് താരം ആദ്യമായി ഈ ഫ്ലാറ്റിന്റെ കരാർ ഒപ്പിട്ടത്.