പൊലീസിനെ ആക്രമിച്ച യുവാവിന് 10 വർഷം കഠിന തടവും പിഴയും

Saturday 28 February 2026 12:02 AM IST

അമ്പലപ്പുഴ: പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും വിധിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പണിക്കവേലി വീട്ടിൽ വിഷ്ണുവിനെയാണ് (32)

ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി രേഖാലോറിയൻ ശിക്ഷിച്ചത്. 2015 ആഗസ്റ്റ് 16നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് പറവൂർ ഭാഗത്ത് ആയുധങ്ങളുമായി സംഘടിച്ച ആളുകളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ,​ പുന്നപ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ.സുമിത്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, പ്രദീപ് എന്നിവരെ പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു. എസ്.ഐ സുമിത്രന്റെ വലത് കൈയുടെ അസ്ഥിക്ക് പൊട്ടലും മുറിവുമുണ്ടായി. മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ പ്രതിയെ പിടികൂടി സ്റ്റേഷനിൽ ഹാജരാക്കി. പുന്നപ്ര സബ് ഇൻസ്പക്ടർ സി.സി. പ്രതാപ് ചന്ദ്രൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് അബു, ആദർശ് , സീനിയർ സി.പി.ഒ വി.അനിൽകുമാർ എന്നിവർ പ്രോസിക്യൂഷൻ സഹായികളായി. പ്രോസിക്യൂഷന് വേണ്ടി അഡീഷ്ണൽ ഗവ.പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രവീൺ ഹാജരായി.