'55ാം വയസിൽ സീനേച്ചി കാൽപ്പന്തുകളത്തിലേക്ക്

Saturday 28 February 2026 12:08 AM IST

തൃശൂർ: പതിനൊന്നാം വയസിൽ വിശപ്പ് മാറ്റാൻ പന്ത് തട്ടിത്തുടങ്ങിയ മരടിന്റെ 'സീനേച്ചി' വനിതാ ലീഗ് ഫുട്ബാളിൽ സിറ്റി ക്ലബ് ചാലക്കുടിയെ നയിക്കും. 55-ാം വയസിലാണ് സി.വി.സീന വീണ്ടും മത്സരത്തിനിറങ്ങുന്നത്. ലീഗ് ഫുട്ബാൾ ഇന്നലെ തുടങ്ങിയെങ്കിലും മാർച്ച് നാലിന് രാവിലെ ഒമ്പതിന് പറപ്പൂർ എഫ്.സിക്കെതിരെയാണ് വെറ്ററൻ താരത്തിന്റെ ആദ്യ മത്സരം.

അച്ഛനിറങ്ങിപ്പോയ വീട്ടിലെ അഞ്ചുമക്കളിൽ ഏറ്റവും ഇളയവളായിരുന്ന സീന രാജ്യത്തിനായി പത്താം നമ്പറിൽ കളിച്ച സ്‌ട്രൈക്കറാണ്. കേരളം, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കായി കളിച്ചു. കേരള ഫുട്ബാൾ അസോസിയേഷന്റെ മികച്ച ഫുട്ബാൾ താരത്തിനുള്ള സ്വർണമെഡലും നേടി. ഇന്ത്യൻ ബ്ലൈൻഡ് ടീമിനെ കൂടാതെ മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ്, എറണാകുളം ലോ കോളേജ് തുടങ്ങി വിവിധ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ആൺകുട്ടികളെ പരിശീലിപ്പിച്ച ആദ്യ വനിതാ ഫുട്ബാളറാണ്. ഏപ്രിൽ ഏഴ് വരെ നടക്കുന്ന കേരള വനിതാ ലീഗിൽ എട്ട് ടീമാണ് മത്സരിക്കുന്നത്. 'ടൂർണമെന്റിൽ തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും ചാലക്കുടി ഹാർഡ് കോളേജ് ഗ്രൗണ്ടിൽ ടീം പരിശീലനം നടത്തിയിരുന്ന'തായും സീന കേരളകൗമുദിയോട് പറഞ്ഞു. ഐ.എസ്.വി ഫൗണ്ടേഷന്റെ കീഴിലുള്ള സിറ്റി ക്ലബ് ചാലക്കുടിയുടെ വൈസ് ക്യാപ്ടൻ ഹൃദ്യയും മാനേജർ ജോസ് റാഫേലുമാണ്.

വനിതാ ഫുട്ബാളിന് പ്രചാരം കിട്ടാനും കാൽപ്പന്തുകളിയിലേക്ക് പെൺകുട്ടികൾ കടന്നുവരാനും കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് പ്രചോദനമാകും. 'പഠനം പൂർത്തിയാകുമ്പോൾ ഫുട്ബാൾ ഉപേക്ഷിക്കേണ്ട സാഹചര്യമാണ് വനിതാ താരങ്ങൾക്ക്. കേരള വിമൻസ് ലീഗ് പോലെ വേറെയും ടൂർണമെന്റുകൾ വരേണ്ടതുണ്ട്.

സി.വി. സീന