വികസന പഥം വിപുലമാക്കി ബഡ്ജറ്റ്, കാർഷിക- പാർപ്പിടം മുഖ്യം
തൃശൂർ: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിച്ചും കാർഷിക വികസനത്തിനും പാർപ്പിട പദ്ധതികൾക്കും ഊന്നൽ നൽകിയും ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ്. മാലിന്യസംസ്‌കരണത്തിന് പത്ത് കോടിയും സ്ത്രീകളുടെ ഉന്നമനത്തിനും ജെൻഡർ ഇക്വാലിറ്റിക്കും 7.76 കോടിയും ബഡ്ജറ്റിൽ വകയിരുത്തി. തെരുവു നായശല്യം പരിഹരിക്കാൻ എ.ബി.സി ഷെൽട്ടറിനായി 5.1 കോടി, ലൈഫ് ഭവന പദ്ധതിക്ക് 25.78 കോടി നീക്കിവച്ചു. സാംസ്‌കാരിക മേഖലയിലെ പ്രവർത്തനത്തിന് 25 ലക്ഷവും റോഡുകളുടെ പരിപാലനത്തിന് 12.26 കോടിയും ബഡ്ജറ്റിൽ ഉൾപ്പെടുത്തി. നിലവിലുള്ള പദ്ധതികളുടെ പൂർത്തീകരണവും സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി ഉയർത്തും. ഭിന്നശേഷിക്കാർക്കും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുമുള്ള രാമവർമ്മപുരത്തെ ശുഭാപ്തി സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കും. വിദ്യാലയങ്ങളിൽ സമ്പൂർണ ശുചിത്വ പദ്ധതി, ആരോഗ്യമേഖലയിലെ സമഗ്ര പുരോഗതി എന്നിവയ്ക്കും പ്രാധാന്യം നൽകിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ടി.കെ.സുധീഷാണ്് ബഡ്ജറ്റ് അവതരിപ്പിച്ചത്. ബഡ്ജറ്റിൽ ഇന്ന് ചർച്ച നടക്കും.
ബഡ്ജറ്റ് ഒറ്റ നോട്ടത്തിൽ
(കോടിയിൽ)
വരവ് 203.73 ചെലവ് 180.59 മിച്ചം 23.14 നീക്കിയിരിപ്പ് 50.73
പദ്ധതികളും വകയിരുത്തിയ തുകയും
ജില്ലാ ആശുപത്രി, ഹോമിയോ ആശുപത്രി രാമവർമ്മപുരം ആയുർവേദാശുപത്രി 4 കോടി (ആകെ) പട്ടികജാതി ഭവനങ്ങളുടെ അറ്റകുറ്റപണി 5 കോടി കൃഷിത്തോട്ടങ്ങൾക്ക് 2.9 കോടി ശിശു വികസനം 2.5 കോടി പട്ടിക ജാതി വികസനം 2.5 കോടി ക്ഷീര സംഘങ്ങൾക്ക് സഹായം 1.25 കോടി ഒല്ലൂരിൽ ഷീ വർക്‌സ് സ്‌പേസ് 1 കോടി വയോജന ക്ഷേമം 88 ലക്ഷം പട്ടിക വർഗ ക്ഷേമം 40 ലക്ഷം മത്സ്യവിത്ത് നിക്ഷേപിക്കൽ 20 ലക്ഷം തൊഴിലധിഷ്ഠിത നൈപുണ്യ വികസനം 20 ലക്ഷം വിനോദ സഞ്ചാര മേഖല 10 ലക്ഷം
സംസ്ഥാന ഗ്രാന്റുകളും മറ്റ് വരുമാന മാർഗങ്ങളും സംയോജിപ്പിച്ച് തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള നൂതന നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
ടി.കെ.സുധീഷ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വ്യക്തമായ കാഴ്ച്ചപ്പാടോടെയുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചത്. കാർഷിക മേഖലയിലെ ഉന്നമനവും ലൈഫ് പദ്ധതികളുടെ പൂർത്തീകരണവുമാണ് ഈ വർഷം ലക്ഷ്യമിടുന്നതാണ്.
മേരി തോമസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.