മോഷ്ടിച്ച മൊബൈലുകൾ കണ്ടെത്തി റൂറൽ പൊലീസ്
കൊല്ലം: കൊല്ലം റൂറൽ പൊലീസ് 10 ദിവസത്തെ അന്വേഷണത്തിനിടെ കണ്ടെത്തി ഉടമകളെ തിരികെ ഏൽപ്പിച്ചത് 88 മൊബൈൽ ഫോണുകൾ. പ്രൊഫഷണൽ മൊബൈൽ മോഷ്ടാക്കളാണ് ഇവയിൽ ഭൂരിഭാഗവും അപഹരിച്ചത്. മൊബൈൽ ഷോപ്പുകൾ വഴി സെക്കൻഡ് ഹാൻഡായി വില്പന നടത്തിയവയാണ് കണ്ടെത്തിയവയിൽ ഏറെയും. എന്നാൽ മോഷ്ടാക്കളെ കുടുക്കാൻ കഴിയുന്നില്ല എന്നത് പോരായ്മയായി തുടരുന്നു.
റൂറൽ പൊലീസ് ജില്ലയിൽ 1223 മൊബൈൽ ഫോണുകൾ കുറഞ്ഞ നാളുകൾക്കകം കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകാനായി. നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് നൽകുന്നതിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കൊല്ലം റൂറൽ പൊലീസ് ജില്ലയ്ക്ക് ലഭിച്ചിരുന്നു. ഈ മാസം 12ന് ടെലികോം വകുപ്പിന്റെ പ്രശംസാപത്രം റൂറൽ എസ്.പി ടി.കെ.വിഷ്ണുപ്രദീപ് സ്വീകരിച്ചതുമാണ്. ഇതിന് ശേഷമാണ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്ത് ദിവസംകൊണ്ട് 88 ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകിയത്.
നഷ്ടപ്പെട്ട ഫോണുകളിലെ ഐ.എം.ഇ.ഐ നമ്പരുകളിൽ, മോഷ്ടാക്കൾ ഉപയോഗിക്കാൻ ശ്രമിച്ച മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കേരളത്തിനകത്തും അന്യ സംസ്ഥാനങ്ങളിലും നടത്തിയ പരിശോധനകളിലൂടെയാണ് ഫോണുകൾ വീണ്ടെടുക്കാനായത്. വീണ്ടെടുത്ത ഫോണുകൾ കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ റൂറൽ എസ്.പി ടി.കെ.വിഷ്ണുപ്രദീപ് ഉടമസ്ഥർക്ക് കൈമാറി.
ഫോൺ നഷ്ടപ്പെട്ടാൽ
അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നേരിട്ടോ പൊലീസിന്റെ പോൽ ആപ്പ്, തുണ പോർട്ടൽ എന്നിവയിലൂടെയോ പരാതി രജിസ്റ്റർ ചെയ്യണം
സിം കാർഡുകളുടെ ഡ്യൂപ്ളിക്കേറ്റ് സിം ആക്ടീവ് ആയശേഷം സഞ്ചാർ സാഥി ആപ്പ് വഴിയോ സി.ഇ.ഐ.ആർ വെബ് സൈറ്റ് (https:// ceir.sancharsaathi.gov.in/) വഴിയോ Block Stolen/ Lost Mobile ടാബിൽ ക്ളിക്ക് ചെയ്ത് ഐ.എം.ഇ.ഐ നമ്പർ, ഫോണിൽ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ, പൊലീസിൽ പരാതി നൽകിയപ്പോൾ ലഭിച്ച രസീത്, മൊബൈൽ ഉടമസ്ഥന്റെ തിരിച്ചറിയൽ രേഖ എന്നിവയും ഡ്യൂപ്ളിക്കേറ്റ് സിമ്മിലേക്ക് വരുന്ന ഒ.ടി.പി നമ്പറും കൂടി നൽകിയാൽ പരാതി രജിസ്റ്ററാകും
റിക്വസ്റ്റ് ഐ.ഡി നമ്പർ സൂക്ഷിച്ചു വയ്ക്കണം
ഈ ഫോണിലേക്ക് ഏതെങ്കിലും സിം കാർഡ് ആരെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ പൊലീസിന് വിവരം ലഭിക്കും
സർവീസിനായി കൊണ്ടുവരുന്ന ഫോണുകൾ സഞ്ചാർ സാഥി ആപ്പിൽ പരിശോധിച്ച് ബ്ളാക്ക് ലിസ്റ്റ് ചെയ്തതല്ല എന്ന് മൊബൈൽ ഷോപ്പുകാർ ഉറപ്പാക്കണം
ടി.കെ.വിഷ്ണു പ്രദീപ്, റൂറൽ എസ്.പി