ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച  ഹോം നഴ്സ് അറസ്റ്റിൽ

Saturday 28 February 2026 1:25 AM IST

കട്ടപ്പന : സ്വർണം മോഷ്ടിച്ച് പണയം വച്ച കേസിൽ ഹോം നഴ്സ് അറസ്റ്റിൽ. നെടുങ്കണ്ടം താന്നിമൂട് ശ്യാമളാലയത്തിൽ ദിവ്യ (35)യാണ് ഉപ്പുതറ പൊലീസിന്റെ പിടിയിലായത്. മേരികൂളം ചേമ്പളം ഇലവുങ്കൽ പി.ടി വർഗീസിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവന്റെ മാല മോഷണം പോയത്. വർഗീസിന്റെ മാതാവിനെ ശ്രുശ്രൂക്ഷിക്കാനാണ് താന്നിമൂടുകാരിയായ യുവതിയെ ഹോം നഴ്സായി നിയോഗിച്ചത്. മാതാവിനെ ശ്രുശ്രൂഷിച്ച് എല്ലാവരുടെയും വിശ്വാസ്യത നേടിയിരുന്നു. അതിനാൽ ഇവർക്ക് വീട്ടിൽ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വർഗീസും കുടുബാംഗങ്ങളും വിദേശത്താണ്. കഴിഞ്ഞ ദിവസം നാട്ടിൽ തിരികെ വന്നിരുന്നു. വിദേശത്തേക്ക് മടങ്ങി പോകുന്നതിന് മുന്നോടിയായി അലമാര പരിശോധിച്ചപ്പോൾ സ്വർണ മാലയ്‌ക്ക് പകരം മുക്കു പണ്ടമായിരുന്നു അലമാരയിലുണ്ടായിരുന്നത്. ദിവ്യയോട് കാര്യങ്ങൾ തിരക്കിയെങ്കിലും സമ്മതിച്ചില്ല. പൊലീസിൽ പരാതി നൽകിയ ശേഷം വർഗീസ് വിദേശത്തേക്ക് മടങ്ങി. പിന്നാലെ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്. മാലകൾ മേരികുളത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മൂന്നു ലക്ഷം രൂപക്ക് പണയം വച്ചതായും യുവതി പറഞ്ഞു. മൂന്ന് പവനും നാല് പവനുമുള്ള രണ്ട് മാലകളാണ് നഷ്ടമായത്. രണ്ടും ധനകാര്യ സ്ഥാപനത്തിൽ നിന്നും കണ്ടെത്തി. യുവതിയെ റിമാൻഡ് ചെയ്തു.