അമൃതകിരണം ജീവിതത്തെ ഒരു ലീലയാക്കുക
ഒരാൾ ബിസിനസ്സ് ചെയ്‌തു വലിയ നഷ്ടത്തിലായി. നഷ്ടം നികത്താനായി കടം വാങ്ങി വീണ്ടും ബിസിനസ്സ് നടത്തി. അവസാനം അതും നഷ്ടത്തിലായി. അങ്ങനെ കടത്തിൽ മുങ്ങിയ ആ മനുഷ്യൻ ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ച് കടപ്പുറത്തേക്കു നടന്നു. നേരം ഇരുട്ടിയതിനുശേഷം കടലിൽ ചാടാനുള്ള ഉദ്ദേശ്യത്തോടെ അയാൾ കടൽത്തീരത്തെ ഒരു പാറമേൽ ഇരുന്നു. അവിടെ കുട്ടികൾ തീരത്തോടു ചേർന്നു നനവുള്ള കടൽമണ്ണുകൊണ്ടു അമ്പലങ്ങളും കൊട്ടാരങ്ങളും ഉണ്ടാക്കി കളിക്കുന്നുണ്ടായിരുന്നു. പണിതീർന്നു കഴിയുമ്പോൾ കുട്ടികൾ ഓരോരുത്തരും മാറിനിന്നു മണൽ ശില്പങ്ങളുടെ ഭംഗി ആസ്വദിക്കും. എന്നാൽ ഇടയ്ക്കിടെ ഉയർന്നുവരുന്ന തിരകൾ അവരുണ്ടാക്കിയ രൂപങ്ങളെ അങ്ങനെത്തന്നെ വിഴുങ്ങും. അതുകാണുമ്പോൾ കുട്ടികൾ കൈകൊട്ടി ആർത്തുചിരിക്കും. തിരകൾ പിൻവാങ്ങുമ്പോൾ വീണ്ടും മുന്നോട്ട് ഓടിവന്നു ശില്പങ്ങൾ മെനയും അടുത്ത നിമിഷം വീണ്ടും തിര വന്നു് അവയെല്ലാം തുടച്ചുമാറ്റും. അതുകാണുമ്പോഴും സന്തോഷത്തോടെ ആർത്തട്ടഹസിച്ചു കൊണ്ട് അവർ പിന്നിലേക്കോടും. വീണ്ടും തിരികെ വന്നു കളി തുടങ്ങും. ആ മനുഷ്യൻ അദ്ഭുതത്തോടെ അതു നോക്കിനിന്നു. ഓരോ രൂപം മെനഞ്ഞുണ്ടാക്കുന്നതിലും അവർ ആനന്ദംകൊള്ളുന്നു. അതേസമയം അതിൻ്റെ നഷ്ടത്തിലും അവർ തളരുന്നില്ല. വാസ്തവത്തിൽ ആ നഷ്ടം അടുത്ത ശില്പം നിർമ്മിക്കുന്നതിനുള്ള ഊർജ്ജമായി മാറുകയായിരുന്നു. അവരാരുംതന്നെ തങ്ങളുടെ മൺശില്പങ്ങൾ നഷ്ടമായതോർത്തു കരഞ്ഞില്ല. വിഷമിച്ചു പിൻവാങ്ങിയതുമില്ല. കൂടുതൽ ആവേശത്തോടെ പുതിയവ നിർമ്മിക്കുവാനായി അവർ ഓടിയടുക്കുന്നതു കാണുന്നതുതന്നെ ആഹ്ലാദജനകമായ കാഴ്ച്‌യായിരുന്നു. ആ മനുഷ്യൻ ചിന്തിച്ചു. "ജീവിതത്തിൽ ഒരു നഷ്ടം സംഭവിച്ചപ്പോൾ ഞാൻ ജീവിതംതന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഈ കുട്ടികളുടെ അത്രപോലും വിവേകം എനിക്കില്ലാതെ പോയല്ലോ!" നഷ്ടങ്ങളിൽ തളരാതെ വീണ്ടും പ്രയത്നിച്ച് ആ നഷ്ടം നേട്ടമാക്കാനുള്ള ആ കുട്ടികളുടെ കഴിവും ഭാവനയും അവരെ എപ്പോഴും ആഹ്ലാദഭരിതരാക്കുന്നു - ജീവിതത്തിൽ പഠിക്കേണ്ടതും പകർത്തേണ്ടതുമായ പാഠം. ഇങ്ങനെ ചിന്തിച്ചു കൊണ്ടു് മരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു് ആ മനുഷ്യൻ തിരിച്ചുപോയി. നമ്മുടെ പ്രയത്നങ്ങളെയും അവയുടെ നേട്ടങ്ങളെയും ജീവിതത്തിലെ തിരകൾ വിഴുങ്ങാം. അവയുടെ മുന്നിൽ തളരാൻ പാടില്ല. പിന്തിരിയാൻ പാടില്ല. പരാജയങ്ങൾക്ക് അമിത പ്രാധാന്യം നൽകാതിരിക്കുക. ജീവിതത്തിൽ പരാജയങ്ങൾക്ക് പിന്നിൽ വിജയം കൂടിയിരിക്കുന്നുണ്ടാവും. അതു മനസ്സിലാക്കി പ്രയത്നം തുടരുവാൻ നമുക്കു കഴിയണം. പരാജയങ്ങളിൽ പോലും നന്മയുണ്ട്. അതിൽനിന്ന് പാഠങ്ങൾ പഠിക്കാനുണ്ട്.അത് ആന്തരികമായി നമ്മളെ കരുത്തരാക്കുന്നുണ്ടാകാം. നമ്മളെ ശുദ്ധീകരിക്കുന്നുണ്ടാകാം. അതിനാൽ പരാജയങ്ങളെയും സ്വീകരിക്കുക. ഈശ്വരനിശ്ചയമായിരിക്കാം എന്നു കണ്ട് ആശ്വസിക്കുക. മറിച്ചായാൽ ജീവിതത്തിൽ വിഷമമൊഴിഞ്ഞ നേരമുണ്ടാകില്ല. ജയപരാജയങ്ങൾ എപ്പോഴും കടന്നു വരാൻ സാധ്യതയുള്ള ഒരു കളിയായി ജീവിതത്തെ കാണാൻ ശ്രമിക്കുക. അപ്പോൾ പ്രശ്നങ്ങളുടെ മുന്നിൽ തളരാതെ കൂടുതൽ പ്രയത്നിച്ചു മുന്നേറാൻ കഴിയും. എല്ലാം ഒരു ലീല പോലെ ആസ്വദിക്കാൻ കഴിയും. നമ്മുടെ ജീവിതം മറ്റുള്ളവർക്കു കൂടി പ്രയോജനപ്രദമാക്കുവാൻ സാധിക്കും. അതിലൂടെ നിറഞ്ഞ സംതൃപ്തി നുകരാൻ സാധിക്കും. - ശ്രീ മാതാ അമൃതാനന്ദമയീ ദേവി