ജീവനക്കാർ ഉഴപ്പിയാൽ പഞ്ചായത്തിന് പണികിട്ടും

Sunday 01 March 2026 2:49 AM IST

ആലപ്പുഴ: പഞ്ചായത്തുകളിൽ തങ്ങളുടെ മുന്നിലെത്തുന്ന ഫയൽ കണ്ടില്ലെന്ന് നടിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നവർ ജാഗ്രതൈ. ജീവനക്കാക്ക് മാത്രമല്ല പഞ്ചായത്തിനും പണി കിട്ടും. തദ്ദേശസ്ഥാപനങ്ങളുടെ മികവും കാര്യക്ഷമതയും വ‌‌ർദ്ധിപ്പിക്കുന്നതിനായി ഗ്രാമ പഞ്ചായത്തുകൾക്ക് ഡിജിറ്റൽ ഗ്രേഡിംഗ് ഏർപ്പെടുത്തി. ഇതോടെ ഒരു ക്ലാർക്ക് ജോലിയിൽ ഉഴപ്പിയാൽ പഞ്ചായത്തിന്റെ ഗ്രേഡ്കുറയും.

തദ്ദേശ സ്ഥാപനങ്ങളിൽ സേവനം വേഗത്തിലാക്കാൻ ഇൻഫർമേഷൻ കേരള മിഷന്റെ (ഐ.കെ.എം) കെ-സ്മാർട്ട് മുഖാന്തിരമുള്ള ഡിജിറ്റൽ ഗ്രേഡിംഗിൽ ഇനി ജീവനക്കാരുടെ ഓരോ നീക്കവും നിരീക്ഷിക്കപ്പെടും. ജീവനക്കാരുടെ മികവുനോക്കി ഡിജിറ്റൽ സിസ്റ്റം മാർക്കിടും. മികവു കുറഞ്ഞവർക്ക് പരിശീലനം നൽകി നിലവാരമുയർത്തും. ഡിജിറ്റൽ സിസ്റ്റത്തിൽ മാർക്കിടുന്നതോടെ മികച്ച ജീവനക്കാർ ആരൊക്കെയെന്നതടക്കമുള്ള കാര്യം ഡാഷ്‌ബോർഡിലറിയാം. ഒരാൾ ഫയൽ വൈകിച്ചാൽ ഓഫീസിലെ മുഴുവൻ പേരുമറിയും. വീഴ്ച മനഃപൂർവമല്ലെങ്കിൽ കിലയുമായി ചേർന്ന് പരിശീലനം നൽകും. പ്രവർത്തനനിലവാരം വിലയിരുത്തുന്ന ഡിജിറ്റൽ മാർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഗ്രേഡിംഗിനെ ബാധിക്കും.

ജീവനക്കാ‌ർക്ക് ഡിജിറ്റൽ ഗ്രേഡിംഗ്

സേവന വിതരണം, നികുതി പിരിവ് , മാലിന്യ സംസ്കരണം, പരാതി പരിഹാരം എന്നിവയ്ക്ക് മാർക്ക് നിശ്ചയിച്ച് സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പ്രവർത്തനം ഡാറ്റാബേസിൽ വിലയിരുത്തിയാണ് ഗ്രേഡിംഗ്. വിലയിരുത്തലിൽ ഒരുഘട്ടത്തിലും മാനുഷിക ഇടപെടലുകളുണ്ടാകില്ല. വിവരങ്ങൾ ജീവനക്കാരുടെ സർവീസ് വിവരങ്ങൾ സൂക്ഷിക്കുന്ന ഇ-ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റമെന്ന

(ഇ.എച്ച്.ആർ.എം.എസും) ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൈമാറുന്നതിനാൽ സ്ഥാനക്കയറ്റമുൾപ്പെടെയുള്ള എല്ലാത്തിനും ഇത് പരിഗണിക്കപ്പെടും.

പഞ്ചായത്തുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും സമയബന്ധിതമായി സേവനം ലഭ്യമാക്കാനുമാണ് ഗ്രേഡിംഗ് സമ്പ്രദായം ആവിഷ്കരിക്കുന്നത്. ജീവനക്കാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവർത്തന നിലവാരം മെച്ചപ്പെടുത്താം.

ഡയറക്ട്രേറ്റ്, തദ്ദേശസ്വയംഭരണ വകുപ്പ്