മഹേഷിന് വീട് തന്നെ ക്യാൻവാസ്

Saturday 28 February 2026 9:00 PM IST

മുഹമ്മ: വീട്ടിലെത്തിയാൽ ആദ്യം കാണുന്നത് സിറ്റൗട്ടിലെ നീല ജലാശയം.

അതിൽ നീന്തിത്തുടിക്കുന്ന അരയന്നങ്ങളും വിടർന്നു നിൽക്കുന്ന താമരയും വിടരാൻ വെമ്പുന്ന പൂമൊട്ടുകളും. ജലോപരിതലത്തിൽ വന്ന് മറിയുന്ന പരൽ മീനുകളും ഉദയസൂര്യന്റെ ചെങ്കതിരും കൂടിയാകുമ്പോൾ

ഒരു പ്രഭാതത്തിന്റെ മനോഹരദൃശ്യം പൂർണമാകുന്നു.

പുറം ഭിത്തിമുഴുവൻ കാടാണ്. മാനുകളും പുള്ളിപ്പുലിയും കടുവയും സിംഹവും കുതിരയും കാട്ടുപോത്തുമെല്ലാം അവിടെ അലയുന്നുണ്ട്.

വൻ മരങ്ങളും പുൽമേടും മുളങ്കാടും വള്ളിച്ചെടിയും കാട്ടരുവിയുമെല്ലാം ചേർന്ന് കൊടുങ്കാട്ടിൽ അകപ്പെട്ട അനുഭവം.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് സർവ്വോദയപുരം ഹെൽത്ത് സെന്ററിന് സമീപം പാട്ടപ്പറമ്പിൽ മഹേഷ് സർവ്വോദയപുരം എന്ന ചിത്രകാരനാണ് ഇത്തരത്തിൽ വീട് തന്നെ ക്യാൻവാസാക്കിയിരിക്കുന്നത്.

കുടുംബശ്രീ പ്രവർത്തകർ യോഗം ചേരാൻ വീട്ടിൽ വന്നാലോ,​ ചുവരിലെ കാടൊക്കെ ചുറ്റിക്കണ്ട ശേഷമേ അവർ കാര്യങ്ങളിലേക്ക് കടക്കാറുള്ളൂ.

അത്രയ്‌ക്ക് ആകർഷകമാണ് മഹേഷിന്റെ ചുവർചിത്രങ്ങൾ.

പരേതനായ സി.കെ. ദിനേശന്റെയും അല്ലിയുടെയും മകനാണ്. ഭാര്യ: സീജ. മക്കൾ: ദിയ, മിയ.

കരിക്കട്ടയിൽ തുടക്കം

ആലപ്പുഴ എസ്.എസ് സ്കൂൾ ഒഫ് ആർട്സിൽ പഠിക്കുന്നതിന് മുമ്പേ

കരിക്കട്ടകൊണ്ടും പച്ചിലകൊണ്ടും ചുവരുകളിൽ വരച്ചുതുടങ്ങിയതാണ്

മഹേഷ്. പെയിന്റിംഗ് തൊഴിലാളിയായ മഹേഷ്,​ എവിടെ വീട് പെയിന്റിംഗ് ജോലി കഴിയുമ്പോഴും അവിടെയെല്ലാം ഒരു സുന്ദരമായ ഒരു ചിത്രമെഴുതും. അധികവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ്.

ധാരാളം അമ്പലങ്ങളിലും പള്ളികളിലും മഹേഷിന്റെ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ഇഷ്ട ദൈവങ്ങളെ മഹേഷിനെ കൊണ്ട് വരപ്പിക്കുന്നവരും കുറവല്ല. അതുകൊണ്ട് തന്നെ മഹേഷിന് തിരക്കോട് തിരക്കാണ്.

അപൂർവ്വമായി ചില ദിവസങ്ങളിൽ ജോലിയില്ലാതെ വീട്ടിലിരിക്കും. അങ്ങനെ

അങ്ങനെ വരച്ചുതുടങ്ങിയതാണ് വീട്ടിലെ ഈ ചുമർച്ചിത്രങ്ങൾ.