ബേക്കറിയുടെ അക്ക‍ൗണ്ടിൽ നിന്ന്‌ 63.75 ലക്ഷം രൂപ തട്ടിയ അക്കൗണ്ടന്റും ഭർത്താവും കീഴടങ്ങി

Sunday 01 March 2026 1:01 AM IST

ആലപ്പുഴ: ബേക്കറിയുടെ അക്ക‍ൗണ്ടിൽ നിന്ന്‌ 63.75 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതികളായ അക്ക‍ൗണ്ടന്റും ഭർത്താവും കോടതിയിൽ കിഴടങ്ങി. അക്ക‍ൗണ്ടന്റ്‌ മണ്ണഞ്ചേരി വടക്കനാര്യാട്‌ ഇട്ടിയംവെളിയിൽ ചിന്നു (36), ഭർത്താവ്‌ പ്രജീഷ്‌ (44) എന്നിവരെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്തു. ചിന്നുവിനെ കൊട്ടാരക്കര വനിത ജയിലിലേക്കും പ്രജീഷിനെ ആലപ്പുഴ ജില്ലാ ജയിലിലേക്കും മാറ്റി. സെഷൻസ് കോടതിയും ഹൈക്കോടതിയും മുൻക‍ൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ്‌ ഇരുവരും ആലപ്പുഴ ജുഡിഷ്യൽ രണ്ടാം കോടതിയിൽ ഇന്നലെ ഉച്ചക്ക് 12 മണിയോടെ കീഴടങ്ങിയത്‌. ബേക്കറിയുടെ പ്രധാന ശാഖയിലേക്ക് അസംസ്‌കൃത സാധനങ്ങൾ വിതരണംചെയ്യുന്ന സ്ഥാപനങ്ങൾക്ക്‌ പണം നൽകാനെന്നപേരിൽ ഉടമയിൽനിന്ന്‌ ചെക്ക്‌ ഒപ്പിട്ടുവാങ്ങി സ്വന്തം അക്ക‍ൗണ്ട്‌ നമ്പരുകൾ എഴുതിച്ചേർത്താണ്‌ പ്രതികൾ പണം തട്ടിയത്‌. ഇവർക്കൊപ്പം തട്ടിപ്പിൽ പങ്കാളികളായ അക്ക‍ൗണ്ടന്റ്‌ ഓഫീസ് ജീവനക്കാരൻ അവലൂക്കുന്ന് കരളകം പാക്കള്ളി ചിറയിൽ കണ്ണൻ (29), ബേക്കറിയിലെ ഡ്രൈവർ മാരാരിക്കുളം വടക്ക് പഞ്ചായത്ത് തയ്യിൽ വീട്ടിൽ ആൽബിൻ ആന്റണി (36) എന്നിവർ നേരത്തേ പിടിയിലായിരുന്നു. 2025 ലെ കണക്കെടുപ്പിലാണ് സ്ഥാപനത്തിന്റെ അക്ക‍ൗണ്ടിൽനിന്ന് 40 ലക്ഷത്തോളം രൂപ നഷ്ടമായതായി കണ്ടെത്തിയത്. കണ്ണന്റെ രണ്ട് അക്കൗണ്ടുകളിലായി 19 ലക്ഷത്തിലധികം രൂപയും ആൽബിന്റെ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷത്തോളം രൂപയും മാറ്റിയതായി പൊലീസ്‌ കണ്ടെത്തിയിരുന്നു.