ഒട്ടകതലമേട്ടിലെത്തിയാൽ ഇനി ഒട്ടക മുകളിലേറാം

Sunday 01 March 2026 12:09 AM IST

കുമളി: തേക്കടി കഴിഞ്ഞാൽ കുമളിയിൽ പ്രകൃതി രമണീയമായ കാഴ്ച ആസ്വദിക്കാൻ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഒട്ടകത്തലമേട്. കുമളി ടൗണിൽ നിന്ന് അഞ്ച് കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള ഈ മേട്ടിൽ ഇപ്പോൾ പേരിനോട് നീതി പുലർത്തി ഒട്ടകവുമുണ്ട്. ചക്കുപ്പള്ളം സ്വദേശിയായ റോമ്പിൻ വരയന്നൂരാണ് ഒട്ടകത്തലമേട്ടിലെ സഞ്ചാരികൾക്കായി ഒട്ടക സവാരി നടത്തുന്നത്. ഹരിയാനയിൽ നിന്ന് ഒരു വർഷം മുമ്പാണ് നാലര വയസ് പ്രായമായ റോഷനെന്ന ഒട്ടകത്തെ റോബിൻ കുമളിയിലെത്തിച്ചത്. കുമളിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ഇവന് ആറു മാസത്തോളം സമയമെടുത്തു. എന്നാൽ ഇപ്പോൾ മിടുക്കനായി. സഞ്ചാരികൾക്ക് 250 രൂപ കൊടുത്താൽ ഒട്ടകപുറത്ത് ഒട്ടകത്തലമേട് ചുറ്റിക്കാണാം. റോബിൻ ഇവിടെ കുതിര സവാരിയും നടത്തുന്നുണ്ട്. രണ്ട് വയസുള്ള സാറയെന്ന കുതിരയുടെ പുറത്ത് കയറി കറങ്ങാൻ 100 രൂപയാണ് ഈടാക്കുന്നത്. രണ്ട് പേരും റോബിന് സ്വന്തം മക്കളെപ്പോലെയാണ്. ഇരുവർക്കും വീട്ടിലെ ആഹാരവും പ്രിയമാണെന്ന് റോബിൻ പറയുന്നു. ഇഡലിയും ദോശയും മീൻകറിയുമൊക്കെ കഴിക്കും. ഒട്ടകവും കുതിരയും കൂടാതെ പശു ആട് എന്നിവയും റോബിൻ വളർത്തുന്നുണ്ട്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഒട്ടകമുള്ളത് ജില്ലയിൽ കുമളിയിൽ മാത്രമാണ്. സിനിമ ഷൂട്ടിംഗ്, പള്ളി പെരുന്നാൾ, ഫോട്ടോഷൂട്ട് എന്നിവയ്ക്കും ഒട്ടകത്തെ വിട്ടുകൊടുക്കാറുണ്ട്. രണ്ടര ലക്ഷം രൂപ മുടക്കിയാണ് ഹരിയാനയിൽ നിന്ന് ഒട്ടകത്തെ വാഹനത്തിൽ കുമളിയിൽ എത്തിച്ചത്. ഒരു ആനയെ വാങ്ങണമെന്നാണ് മൃഗസ്‌നേഹിയായ റോബിന്റെ ആഗ്രഹം.