അതിക്രമങ്ങളിൽ നടപടിയില്ല; പൊലീസിനെതിരെ പ്രതിഷേധവുമായി വി.കുഞ്ഞികൃഷ്ണൻ

Saturday 28 February 2026 10:33 PM IST

കണ്ണൂർ: തന്നെ അനുകൂലിച്ചവർക്കെതിരായ ആക്രമണങ്ങളിലെ അന്വേഷണം വൈകുന്നതിനെതിരെ

പ്രതിഷേധവുമായി സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട മുൻ ജില്ലാകമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ തന്നെ അനുകൂലിക്കുന്നവരോടൊപ്പമാണ് വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

വെള്ളൂരിലെ പ്രസന്നന്റെ ബൈക്ക് കത്തിച്ചതിലും വി.എസ് അനിൽകുമാറിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചതിലുമുള്ള അന്വേഷണം ഇഴയുന്നതിലായിരുന്നു കുഞ്ഞികൃഷ്ണന്റെ പ്രതിഷേധം. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കുഞ്ഞികൃഷ്ണനെ പിന്തുണച്ച് പ്രകടനം നടത്തിയ പ്രസന്നന്റെ ബൈക്ക് ജനുവരി 26 ന് രാത്രിയാണ് വീട്ടുപരിസരത്ത് കത്തിയ നിലയിൽ കണ്ടെത്തിയത്. കുഞ്ഞികൃഷ്ണന്റെ പുസ്ത പ്രകാശന ചടങ്ങിൽ പുസ്തകം സ്വീകരിച്ച വി.എസ്. അനിൽകുമാറിന്റെ കണ്ണപുരത്തെ വീട്ടുമുറ്റത്ത് ഫെബ്രുവരി 19 നായിരുന്നു റീത്ത് വച്ചത്.

ഇറങ്ങിപ്പോക്ക് തനിക്കുള്ള പിന്തുണ

കഴിഞ്ഞ ദിവസം പയ്യന്നൂർ ഏരിയ കമ്മിറ്റിലുണ്ടായ തർക്കവും അംഗങ്ങളുടെ ഇറങ്ങിപ്പോക്കും താൻ ഉന്നയിച്ച വിഷയങ്ങൾക്കുള്ള പിന്തുണയാണെന്ന് വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.പയ്യന്നൂരിലെ ഭൂരിഭാഗം പാർട്ടി പ്രവർത്തകരും താൻ പറയുന്നത് ശരിയെന്ന് വിശ്വസിക്കുന്നു. ടി.ഐ മധുസൂദനന്റെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമായ ശേഷം തന്റെ നിലപാട് പറയാമെന്നും വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.