മുന്നണികൾ ഒരുങ്ങുന്നു അണിയറയിൽ തന്ത്രങ്ങൾ

Saturday 28 February 2026 10:35 PM IST

കണ്ണൂർ: സംസ്ഥാനത്ത് എൽ.ഡി.എഫ് ഭരണത്തിന് വലിയ മുൻതൂക്കം നൽകിയ ജില്ലകളിലൊന്നായ കണ്ണൂരും തിരഞ്ഞെടുപ്പ് തിരക്കിലേക്ക്. സീറ്റുനില വർദ്ധിപ്പിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും തന്ത്രങ്ങളാവിഷ്കരിക്കുമ്പോൾ ഇക്കുറി കരുത്തുറ്റ മത്സരം ഒരുക്കാൻ എൻ.ഡി.എയും തയ്യാറെടുക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. സി.പി.എം കോട്ടയായ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതാണ് ഇതിലൊന്ന്.കോർപറേഷനിലെ സീറ്റുനില 19ൽ നിന്ന് പതിനഞ്ചിലേക്കും ചുരുങ്ങി. ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 57ൽ നിന്ന് 49 ആയും കുറഞ്ഞു. ഭരണവിരുദ്ധവികാരമാണ് ഇതിന് കാരണമെന്ന് യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ തദ്ദേശഫലം മുന്നണിക്ക് കോട്ടമേയല്ലെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. മലയോരമേഖലയിൽ സവിശേഷ സാഹചര്യങ്ങളിൽ മാത്രം ലഭിച്ചിരുന്ന പഞ്ചായത്തുകളാണ് കൈവിട്ടതെന്നും നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പാറ്റേൺ ആ തരത്തിലല്ലെന്നുമാണ് ഇടതു വിശദീകരണം. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടും ഭരിക്കുന്നത് എൽ.ഡി.എഫാണ്. സി.പി.എമ്മിന് ജില്ലയിലുള്ള ആഴത്തിലുള്ള സംഘടനാ സംവിധാനം എതിരാളികൾക്ക് സ്വപ്നം കാണാൻ സാധിക്കാത്തതാണ്. കളം നിറഞ്ഞ് പിണറായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജയുടെയും സ്പീക്കർ ഷംസീറിന്റയും കാര്യത്തിൽ സംസ്ഥാന നേതൃത്വം നിലപാട് സ്വീകരിക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മത്സരത്തിനുണ്ടാകില്ല. പയ്യന്നൂർ, കല്യാശ്ശേരി, അഴീക്കോട് മണ്ഡലങ്ങളിൽ സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കും. കൂത്തുപറമ്പ്, കണ്ണൂർ, ഇരിക്കൂർ മണ്ഡലങ്ങൾ ഘടകകക്ഷികൾക്കായിരിക്കും.

സണ്ണി വക്കീൽ ഇക്കുറിയുമുണ്ടാകും

സംസ്ഥാനത്ത് ഇടതുതരംഗമുണ്ടായിരുന്ന 2021ൽ പോലും മികച്ച വിജയം നേടിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഇക്കുറിയും പേരാവൂരിൽ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇരിക്കൂറിൽ സിറ്റിംഗ് എം.എൽ.എ സജീവ് ജോസഫും മത്സരിക്കും. തദ്ദേശ ഫലം നൽകിയ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഇതിന് പുറമെ രണ്ടുതവണ കൈവിട്ട കണ്ണൂർ ഉൾപ്പെടെ ഒന്നോ രണ്ടോ സീറ്റ് കൂടി നേടാനാകുമെന്ന കണക്കുകൂട്ടലിലാണ്.

ചുവടുറപ്പിക്കാൻ എൻ.ഡി.എ കണ്ണൂർ കോർപറേഷൻ സീറ്റുനില ഒന്നിൽ നിന്ന് നാലിലേക്ക് ഉയർത്തിയ ബി.ജെ.പി മത്സരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. മിക്ക മണ്ഡലങ്ങളിലും ഉയർന്നുവരുന്ന ബി.ജെ.പി സ്വാധീനം ശ്രദ്ധേയമാണ്.ഇക്കുറി ഇത് വോട്ട് നിലയിൽ വലിയതോതിൽ പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് നേതൃത്വം.ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടിയെ പോലുള്ളവർ സ്ഥാനാർത്ഥി പട്ടികയിലുണ്ടാകുമെന്നാണ് വിവരം.

വിവാദങ്ങളേറെ, വിഷയങ്ങളും

പ്രാദേശികതലത്തിലടക്കമുള്ള വികസനവും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള എം.എൽ.എമാരുടെ സജീവമായ ഇടപെടലും നിലപാടുമെല്ലാം വോട്ടാക്കാനുള്ള ശ്രമം എൽ.ഡി.എഫിൽ നിന്നുണ്ടാകും. പലഘട്ടങ്ങളിലായി ഉയർന്നുവന്ന വിവാദങ്ങളെ വീണ്ടും ഉയ‌ർത്തി തിരിച്ചടി നൽകാനായിരിക്കും യു.ഡി.എഫ് ശ്രമം.

ഇ.പി.ജയരാജന്റെ വിവാദ നിലപാടുകൾ, കെ.കെ.ശൈലജയുടെ സ്ഥാനാർത്ഥിത്വത്തിലുള്ള അഭ്യൂഹങ്ങൾ, നവീൻ ബാബു കേസ്, ചികിത്സാപിഴവ് ആരോപണങ്ങൾ, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം എന്നിവ യു.ഡി.എഫ് വോട്ടാക്കാൻ ശ്രമിക്കും. കെ.സുധാകരന്റെ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾ, മാടായി കോളജ് നിയമന വിവാദം എന്നിവ യു.ഡി.എഫിന്റെ എതിരാളികൾ ആയുധമാക്കും.ഇരുമുന്നണികൾക്കുമെതിരെ ആരോപണമുയർത്തുന്ന ബി.ജെ.പി മോദി പ്രഭാവം തന്നെയായിരിക്കും ഇക്കുറിയും വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത്.