ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക് 5 വർഷം തടവും പിഴയും
ആലപ്പുഴ: ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും ഇരുപത്തയ്യായിരം രൂപ പിഴയും വിധിച്ചു. മുഹമ്മ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ആലപ്പുഴ ജില്ല അഡീഷ്ണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി എച്ച്.ഷുഹൈബാണ് വിധിച്ചത്. സി.പി.എം പ്രവർത്തകരായ ഒന്നാം പ്രതി തണ്ണീർമുക്കം പഞ്ചായത്ത് 7ാം വാർഡിൽ ദേവസ്വം കരിയിൽ വീട്ടിൽ അഖിൽ (34). രണ്ടാം പ്രതി ദേവസ്വംകരിയിൽ വീട്ടിൽ വിഷ്ണു (34) എന്നിവരെയാണ് ശിക്ഷിച്ചത്. പരാതിക്കാരനായ തണ്ണീർമുക്കം പഞ്ചായത്ത് 7ാം വാർഡിൽ പുത്രകരിയിൽ ബാബുരാജിന്റെ രാഖി രണ്ടാം പ്രതി പൊട്ടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് 2018 ൽ ചേർത്തല - തണ്ണീർമുക്കം റോഡിൽ ഗുണ്ടു വളവ് ജംഗ്ഷന് സമീപം പരാതിക്കാരനെ തടഞ്ഞ് നിർത്തി കരിങ്കല്ല് ഉപയോഗിച്ച് ഇടിച്ച് തലയോട്ടി പൊട്ടിച്ച് ഗുരുതരമായി പരിക്ക് എൽപ്പിക്കുകയായിരുന്നു. എസ്.ഐ എം.അജയ് മോഹൻ കേസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ പി.ജെ.ടോൾസൺ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ഹാജരാക്കി. സി.പി.ഒമാരായ അമൽ, സുഹാസ് എന്നിവർ പ്രോസിക്യൂഷൻ സഹായികളായി പ്രവർത്തിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ശാരി പ്രോസിക്യൂഷന് വേണ്ടി ഹാജരായി.