തോട്ടുമുക്ക്,​ കല്ലാർ മേഖലകളിൽ വൈദ്യുതി മുടക്കം പതിവ്

Sunday 01 March 2026 1:22 AM IST

വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്,​ വിതുര പഞ്ചായത്തിലെ കല്ലാർ മേഖലകളിൽ വൈദ്യുതിമുടക്കം പതിവാകുന്നതായി പരാതി. രാത്രിയിൽ മുന്നറിയിപ്പും കാരണവും കൂടാതെയാണ് അനവധി തവണ വൈദ്യുതി വിതരണം നിലയ്ക്കുന്നത്. തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയിലുള്ള തോട്ടുമുക്ക്, കന്നുകാലിവനം, മണലയം, പൊൻപാറ മേഖലകളിലാണ് വൈദ്യുതി മുടക്കം പതിവ്. മാത്രമല്ല അടുത്തിടെ ഇടയ്ക്കിടക്ക് രാത്രികാലങ്ങളിൽ ഇവിടെ വൈദ്യുതി മുടങ്ങുന്നുണ്ട്.

കടുത്ത ചൂടിനിടയിൽ വൈദ്യുതി മുടങ്ങുന്നത് പ്രദേശവാസികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാറ്റോ, മഴയോ വന്നാലുള്ള അവസ്ഥയും വ്യത്യസ്തമല്ല.

വോൾട്ടേജ് ക്ഷാമവും

ആനപ്പെട്ടി മേഖലയിൽ വോൾട്ടേജ് ക്ഷാമവും നേരിടുന്നുണ്ട്. വൈദ്യുതി വിതരണത്തിലെ വ്യതിയാനം മൂലം ഇലക്ട്രിക് ഉപകരണങ്ങളും കേടാകുന്നതായും പരാതിയുണ്ട്. വൈദ്യുതി വിതരണം സുഗമമാക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് തോട്ടുമുക്ക്, മണലയം, കന്നുകാലിവനം, പൊൻപാറ നിവാസികൾ.

തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്,ആനപ്പെട്ടി വാർഡുകളിൽ അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണം.നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വൈദ്യുതിഓഫീസ് പടിക്കൽ സമരപരിപാടികൾ നടത്തും.

തോട്ടുമുക്ക് റസിഡൻസ് അസോസിയേഷൻ