ആഫ്രിക്കയിൽ നിന്ന് ഒമ്പത് ചീറ്റകൾ കൂടി ഇന്ത്യയിൽ

Sunday 01 March 2026 12:49 AM IST

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് 9 ചീറ്റകളെ കൂടി ഇന്നലെ മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ചതോടെ, ഇന്ത്യയിലുള്ള ചീറ്റ പുലികളുടെ എണ്ണം 48 ആയി ഉയർന്നു. വ്യോമസേനാ വിമാനത്തിൽ 10 മണിക്കൂറോളം യാത്ര ചെയ്‌താണ് ഇവയെത്തിയത്. ആറ് പെൺ ചീറ്റകളും, മൂന്ന് ആൺചീറ്റകളും. ആദ്യം ഗ്വാളിയോർ വിമാനത്താവളത്തിൽ എത്തിച്ചശേഷം അവിടെ നിന്ന് വ്യോമസേനയുടെ ഹെലിക്കോപ്റ്ററുകളിൽ കുനോ ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുവരികയായിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ‌ർ യാദവ് ചീറ്റകളെ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടു. നേരത്തെ ദക്ഷിണാഫ്രിക്കയിൽ നിന്നു കൊണ്ടുവന്ന ഗാമിനി കഴിഞ്ഞദിവസം ഒരു കുഞ്ഞിന് കൂടി ജന്മമേകി. ഇതോടെ ഗാമിനി പ്രസവിച്ച കുഞ്ഞുങ്ങളുടെ എണ്ണം നാലായി.

മൂന്നാമത്തെ ബാച്ച്

രാജ്യത്ത് ചീറ്റകളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2022ലാണ് 'പ്രൊജക്ട് ചീറ്റ'യ്‌ക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മൂന്നാമത്തെ ബാച്ചാണ് ഇന്നലെ എത്തിയത്. 2022 സെപ്‌തംബർ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് കുനോ ദേശീയ ഉദ്യാനത്തിൽ നബീയയിൽ നിന്നെത്തിച്ച 8 ചീറ്റകളെ തുറന്നുവിട്ടത്.

1.നമീബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് 20 ചീറ്റകളെ കൊണ്ടുവന്നു

2.നബീയയിൽ നിന്ന് 2022 സെപ്‌തംബറിൽ എട്ട് ചീറ്റകൾ

3.ദക്ഷിണാഫ്രിക്കയിൽ നിന്ന് 2023 ഫെബ്രുവരിയിൽ 12 ചീറ്റകൾ

4.അസുഖം അടക്കം പല കാരണങ്ങളാൽ 20ൽ 9 എണ്ണം ചത്തു.

5.മദ്ധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലേക്ക് 3 ചീറ്റകളെ മാറ്റിയിരുന്നു