ഭർത്താവിനെതിരെ വ്യാജ പോക്‌സോ കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു

Sunday 01 March 2026 1:26 AM IST

കട്ടപ്പന: ഭർത്താവിനെ വ്യാജ പോക്‌സോ കേസിൽ കുടുക്കി ജയിലിലാക്കിയ സംഭവത്തിൽ കോടതി പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. ആനവിലാസം കന്നിക്കൽ സ്വദേശിയായ യുവാവിനെതിരെ സ്വന്തം ഭാര്യ നൽകിയ കേസിലാണ് കോടതിയുടെ വിധി. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെ വിട്ടത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം രണ്ട് വയസുള്ള ഒരു ആൺകുട്ടിയുള്ള സമയത്താണ് ഭർത്താവിനെതിരെ 22കാരി വ്യാജ പോക്‌സോ പരാതി നൽകിയത്. ഭർത്താവിനൊപ്പം പോകുമ്പോൾ തനിക്ക് 17 വയസ് മാത്രമാണ് പ്രായമുണ്ടായിരുന്നുള്ളൂവെന്നാണ് പരാതി. പ്രായപൂർത്തിയാകാത്ത തന്നെ വശീകരിച്ചു കടത്തിക്കൊണ്ടു പോവുകയായിരുന്നെന്നും ശാരീരികബന്ധം സമ്മതത്തോടെയാണെങ്കിലും ബലാത്സംഗമാണെന്നുമായിരുന്നു പരാതി. ഇതിന് ആറ് മാസം മുമ്പ് യുവതിയും അമ്മയും അമ്മാവനും അമ്മാവന്റെ ഭാര്യയും ചേർന്ന് പ്രതിയെ നഗ്നനാക്കി മർദ്ദിച്ചിരുന്നു. ഇതിൽ ഉപ്പുതറ പൊലീസ് നാലുപേർക്കുമെതിരെ കേസെടുത്തിരുന്നു. ഈ കേസ് കോടതിയിലാണ്. യുവാവ് ഈ കേസ് പിൻവലിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് ഭാര്യയും ബന്ധുക്കളും ചേർന്ന് കള്ളക്കേസിൽ കുടുക്കിയത്. യുവതിയെ അമ്മ വീട്ടിലാണ് പ്രസവിച്ചതെന്നും ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും യുവതിയും യുവതിയുടെ മാതാവും പൊലീസിലും കോടതിയിലും മൊഴി നൽകിയിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ അന്വേഷണത്തിൽ യുവതിയുടെ ജനനം തമിഴ്നാട് ഉത്തമപാളയം നഗരസഭയിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പ്രതിഭാഗം സാക്ഷിയായി ഉത്തമപാളയം ഡെപ്യൂട്ടി തഹസിൽദാറെ കോടതിയിൽ വിസ്തരിച്ചു. യുവതിയുടെ ജനന രജിസ്റ്ററും ഹാജരാക്കി. ഇതുപ്രകാരം യുവാവിനൊപ്പം പോകുമ്പോൾ യുവതിയ്ക്ക് 18 വയസ് പൂർത്തിയായി രണ്ട് ദിവസം കഴിഞ്ഞെന്നു തെളിഞ്ഞു. യുവതിക്കും മാതാവിനും അന്വേഷണ ഉദ്യോഗസ്ഥനുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസു ഫയൽ ചെയ്യുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ജോബി ജോർജ് അറിയിച്ചു. പ്രതിക്ക് വേണ്ടി അഡ്വ. ജോബി ജോർജ്, ജയിംസ് കാപ്പൻ, ബിനീഷ് വിജയൻ, ബൈജു ബാലകൃഷ്ണൻ, അലൻ ബെന്നി മംഗലത്തിൽ എന്നിവർ കോടതിയിൽ ഹാജരായി.