180 വിമാന സർവീസുകൾ റദ്ദാക്കി

Sunday 01 March 2026 1:35 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ സാഹചര്യത്തിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. ഇന്നലെ 180ഓളം സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ പശ്ചിമേഷ്യയിലേക്കുള്ള മുഴുവൻ സ‌ർവീസുകളും സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്. സർവീസ് എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്നലെ 31 സർവീസുകൾ റദ്ദാക്കിയെന്നാണ് വിവരം. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചു. ഇസ്രയേൽ വ്യോമപാത അടച്ചതോടെയാണിത്. വിമാനം മുംബയ് വിമാനത്താവളത്തിലിറക്കി. ഇൻഡിഗോ വിമാനസർവീസ് ഇന്ന് വൈകിട്ട് 6 വരെ നിറുത്തിവച്ചു.

ഇന്നലെ റദ്ദാക്കിയത്

ഇൻഡിഗോ- 72

എയ‌ർ ഇന്ത്യ എക്‌സ്‌പ്രസ്- 55

സ്‌പൈസ് ജെറ്റ്- 13

ആകാശ എയർ- 8

 അടിയന്തര യോഗം ചേർന്നു

സാഹചര്യം വിലയിരുത്താൻ ഇന്നലെ ഡൽഹിയിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു. കേന്ദ്ര വ്യോമയാന മന്ത്രി കെ.രാംമോഹൻ നായിഡുവിന്റെ അദ്ധ്യക്ഷതയിൽ പ്രതിസന്ധി നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് അവലോകനം നടത്തി. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നെങ്കിൽ തയ്യാറായിരിക്കാൻ വിമാനക്കമ്പനികൾക്ക് അടക്കം നിർദ്ദേശം നൽകി. വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ആശയവിനിമയത്തിലാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.