തിങ്കളാഴ്ച നല്ല ദിവസമാകട്ടെ...
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയ്ക്ക് വലിയ ഉത്ക്കണ്ഠ സൃഷ്ടിക്കുന്നതാണ്. നാല്പത് ലക്ഷത്തോളം ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ ഒട്ടാകെ ജോലി ചെയ്യുന്നു. അതിൽ നല്ലൊരു പങ്കാകട്ടെ മലയാളികളും. അതുകൊണ്ട് ഇപ്പോഴത്തെ ഈ സംഘർഷം ഒരു രീതിയിലും നീണ്ടു പോകാതിരിക്കട്ടെയെന്നാണ് എല്ലാ ഇന്ത്യക്കാരുടെയും പ്രാർത്ഥന. ഗൾഫ് മേഖലയിലേക്ക് കേരളത്തിൽ നിന്നടക്കമുള്ള വ്യോമ സർവീസുകൾ പലതും ഇപ്പേഴേ റദ്ദാക്കിയിരിക്കുകയാണ്.
എന്റെ ഒരു നിഗമനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒരു സർപ്രൈസ് നാടകമായിരിക്കും ഇന്നലെ ഇസ്രായേലിനെക്കൊണ്ട് ആദ്യം അടിപ്പിച്ചത്. എന്നാൽ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ആശ്വാസകരമല്ല. തിങ്കളാഴ്ച ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ഇരുക്കൂട്ടരും തമ്മിൽ ചർച്ച നടക്കാനിരിക്കുന്നുണ്ട്. ഒമാനിലെയും ജനീവയിലെയും ചർച്ചകൾ കഴിഞ്ഞിരുന്നു. ആണവായുധ വിഷയത്തിൽ ഇറാനെ ഒരു രീതിയിലും മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് ട്രംപ് നൽകിയത്. ഇത് ട്രെയിലർ മാത്രമാണ്. വലുത് പിന്നാലെ വരുമെന്ന മുന്നറിയിപ്പ്. ഇറാൻ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകും. ഇപ്പോൾ തന്നെ മിസൈൽ ഒഴികെയുള്ള വിഷയങ്ങളിൽ പിന്നാക്കം പോകുമെന്ന് അവരുടെ നിലപാടുകളിൽ നിന്ന് വ്യക്തമാണ്.
ഇറാന്റെ കൈയ്യിൽ സമ്പുഷ്ട യുറേനിയം ഉണ്ടെന്നല്ലാതെ ആണവായുധം ഇല്ലെന്നാണ് നിഗമനം. ഈ യുറേനിയം ഇറാനിൽ നിന്ന് മാറ്റണമെന്നതാണ് ട്രംപിന്റെ ആവശ്യം. അതോടൊപ്പം ഖമനേയി ഭരണത്തെ അട്ടിമറിക്കണം. ട്രംപിന്റെ പ്രസംഗത്തിൽ ഇത് വ്യക്തമാണ്. റംസാൻ സമയത്താണ് പശ്ചിമേഷ്യ സംഘർഷഭരിതമാകുന്നുവെന്നത് ദൗർഭാഗ്യകരമാണ്. ഇറാൻ ഗൾഫ് രാജ്യങ്ങളിൽ പ്രത്യാക്രമണം നടത്തുന്നത് അവിടങ്ങളിലെ യു.എസ് ബേസുകളിലായിട്ടാണ്. അല്ലാതെ ആ രാജ്യങ്ങളോടല്ല. യുദ്ധ സജ്ജമായിട്ടാണ് അമേരിക്കയുടെ നീക്കമെങ്കിലും തിങ്കളാഴ്ചയോടെ പരിഹാരത്തിലേക്ക് നീങ്ങുമെന്നാണ് ഇപ്പോൾ കരുതാൻ കഴിയുക. അതങ്ങനെ തന്നെയാവട്ടെ എന്ന് ആഗ്രഹിക്കാം. ലോകത്ത് അശാന്തി പടരുന്നത് ഒന്നുകൊണ്ടും ന്യായീകരിക്കാനാവില്ല. തിങ്കളാഴ്ച നല്ല ദിവസം തന്നെയാകട്ടെ.