ലക്ഷ്യം ഇറാന്റെ ഭരണമാറ്റം

Sunday 01 March 2026 6:51 AM IST

ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാന് നേരെ നടത്തുന്ന സൈനിക നീക്കങ്ങൾ ലോകത്തെ മറ്റൊരു വലിയ യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. മണിക്കൂറുകൾ മാത്രം പിന്നിട്ട സംഘർഷം വെറുമൊരു മിസൈൽ ആക്രമണമല്ല. ഇറാന്റെ ഭരണം അട്ടിമറിക്കാനുള്ള കൃത്യമായ പദ്ധതിയോടെയുള്ളതാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ്- ഇസ്രയേലിനെ ആക്രമിച്ചതോടെ ആരംഭിച്ച അശാന്തിയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെ കാണേണ്ടത്. ഹമാസിനെ ഗാസയിൽ നേരിട്ടതിന് ശേഷം ഇറാന്റെ 'നിഴൽ രൂപങ്ങളായ" (പ്രോക്സി ഗ്രൂപ്പുകൾ) ഹിസ്ബുള്ളയെയും ഹൂതികളെയും ഇസ്രയേൽ ലക്ഷ്യം വച്ചിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കുനേരെ കഴിഞ്ഞ വർഷം നടത്തിയ വിജയകരമായ ആക്രമണങ്ങൾക്ക് ശേഷം സമാധാന ചർച്ചകൾ നടന്നിരുന്നെങ്കിലും അവ എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ യു.എസും ഇസ്രയേലും ഇറാന് മേൽ നേരിട്ടുള്ള ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ഭരണമാറ്റത്തിനായി ഇറാന്റെ ആഭ്യന്തര പ്രക്ഷോഭങ്ങളെ മുതലെടുക്കുകയാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാന ലക്ഷ്യം. കഴിഞ്ഞ വർഷം ഇറാൻ ഭരണകൂടത്തിനെതിരെ ജനങ്ങൾക്കിടയിൽ രൂപപ്പെട്ട അമർഷം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ശക്തമായ സൈനിക നടപടികളിലൂടെ ജനങ്ങളെ തെരുവിലിറക്കി ആഭ്യന്തര കലാപം സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നത്. "ഭരണ മാറ്റത്തിന് നിങ്ങൾക്ക് ലഭിച്ച ഏറ്റവും നല്ല അവസരമാണിത്" എന്ന ട്രംപിന്റെ ആഹ്വാനം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇറാൻ ഇത്തവണ ഉടനടി തിരിച്ചടി നൽകിയെന്നത് ശ്രദ്ധേയമാണ്. യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിക്കഴിഞ്ഞു. യുദ്ധം മിഡിൽ ഈസ്റ്റ് മുഴുവൻ വ്യാപിപ്പിക്കുക വഴി മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് നിഷ്പക്ഷമായി നിൽക്കാൻ സാധിക്കാത്ത ഒരു സാഹചര്യം സൃഷ്ടിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള പ്രത്യാഘാതങ്ങൾ വലിയ വെല്ലുവിളിയാണ്. ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയും ക്രൂഡ് ഓയിൽ ഇറക്കുമതി തടസപ്പെടുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക ആഘാതവും ഇന്ത്യയെ നേരിട്ട് ബാധിക്കും. അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത്തരമൊരു യുദ്ധം വലിയ തിരിച്ചടിയാകും. നിലവിൽ ഐക്യരാഷ്ട്രസഭ (യു.എൻ) തികച്ചും അപ്രസക്തമായ സാഹചര്യത്തിൽ, സമാധാനം പുനഃസ്ഥാപിക്കാൻ മറ്റ് വൻശക്തികൾ മുന്നോട്ട് വരാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെയുള്ളിൽ നിന്ന് പ്രക്ഷോഭമുണ്ടായില്ലെങ്കിൽ ട്രംപ് തന്റെ നിലപാടുകളിൽ മാറ്റം വരുത്തിയേക്കാം. എങ്കിലും മിഡിൽ ഈസ്റ്റ് ഇപ്പോൾ അനിശ്ചിതാവസ്ഥയിലാണ്.