'ഇമാം അലിയുടെ നാമത്തിൽ'; ഖമനേയി കൊല്ലപ്പെട്ടെന്ന അവകാശവാദങ്ങൾക്ക് മറുപടി നൽകി ഇറാൻ
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും അവകാശവാദങ്ങൾക്ക് മറുപടി നൽകി ഇറാൻ. ഖമനേയിയുടെ എക്‌സ് പേജിൽ പുതിയ പോസ്റ്റിന്റെ രൂപത്തിലാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്. ഇമാം അലിയുടെ നാമത്തിൽ എന്ന പേരിൽ തിരിച്ചടിയുടെ സൂചന നൽകുന്ന പോസ്റ്റാണ് പ്രത്യക്ഷപ്പെട്ടത്. ഖമനേയി കൊല്ലപ്പെട്ടുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ഇന്നലെ മുതൽക്കേ ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഖമനേയിയാണ് തിരിച്ചടിക്ക് നേതൃത്വം നൽകുന്നതെന്ന് സൂചനകളും ലഭിച്ചിരുന്നു.
ഖമനേയി ജീവനോടെ സുരക്ഷാ കേന്ദ്രത്തിലുണ്ടെന്നാണ് ഇറാൻ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ മകളും ചെറുമകനും കൊല്ലപ്പെട്ടെന്നും നേരത്തെ ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇറാന്റെ നേതാക്കൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾ ശത്രുക്കൾ നടത്തുന്ന മനഃശാസ്ത്രപരമായ യുദ്ധത്തിന്റെ ഭാഗമാണെന്ന് ഖമേനയിയുടെ ഓഫീസിലെ പബ്ലിക് റിലേഷൻസ് മേധാവി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഖമേനയി ഇപ്പോഴും അധികാരത്തിൽ തുടരുന്നുവെന്ന് സർക്കാർ വാർത്താ ഏജൻസികളും രണ്ട് പാർലമെന്റ് അംഗങ്ങളും അറിയിച്ചു.
അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഖമനേയി കൊല്ലപ്പെട്ടെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചത്. ഖമനേയി കൊല്ലപ്പെട്ടതിന് നിരവധി സൂചനകളുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചിരുന്നു. അതേസമയം, ടെഹ്‌റാനിൽ രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരങ്ങൾക്കും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും എതിരെ തങ്ങൾ മറ്റൊരു ആക്രമണം കൂടി നടത്തുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്.