സർപ്രൈസ് ആക്രമണത്തിലൂടെ തുടച്ചുനീക്കിയത് ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങളെ; അവകാശവാദവുമായി ഇസ്രയേൽ
ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നതിനുപിന്നാലെ പുതിയ അറിയിപ്പുമായി ഇസ്രയേൽ. ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ചെന്നാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) എക്സിലൂടെ അറിയിച്ചത്. ഇറാനിലെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥനും സുരക്ഷാ ഉപദേശകനുമായ അലി ഷംഖാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡർ മുഹമ്മദ് പാക്പുർ, പ്രതിരോധ മന്ത്രി അസീസ് നസീർസാദ തുടങ്ങിയ ബുദ്ധികേന്ദ്രങ്ങളെ വധിച്ചെന്നാണ് ഐഡിഎഫ് അറിയിച്ചത്.
🔴ELIMINATED: IAF fighter jets precisely struck military targets across Iran, eliminating 7 senior officials of the Iranian Defense Leadership: Ali Shamkhani, Mohammad Pakpour, Saleh Asadi, Mohammad Shirazi, Aziz Nasirzadeh, Hossein Jabal Amelian, Reza Mozaffari-Nia. The world… pic.twitter.com/4oOj2Y7DMt
— Israel Defense Forces (@IDF) February 28, 2026
ഇറാന്റെ ഉന്നത സുരക്ഷാ നേതാക്കളായ പ്രമുഖർ ടെഹ്‌റാനിലെ രണ്ട് സ്ഥലങ്ങളിലായി യോഗം ചേർന്നത് ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് കണ്ടെത്തിയെന്നും അതിനുപിന്നാലെയാണ് അപ്രതീക്ഷിത ആക്രമണം നടന്നതെന്നും ഇസ്രയേൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്നലെ രാവിലെയായിരുന്നു സർപ്രൈസ്' ആക്രമണമെന്നും ഐഡിഎഫ് അവകാശപ്പെടുന്നു.
ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെ രാത്രിയോടെ പുറത്തുവന്നെങ്കിലും ഇറാൻ നിഷേധിച്ചിരുന്നു. എന്നാലിപ്പോൾ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഖമനേയിയുടെ മകളും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്.