കാപ്പിയും ചായയും മാറിമാറി കുടിക്കുന്നത് പതിവാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം കാത്തുസൂക്ഷിക്കാം
പാലക്കാട് ജില്ലയിൽ അപകടകരമാംവിധം ചൂട് കൂടുന്നു. അൾട്രാ വയലറ്റ് സൂചിക നാലാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഉയർന്ന പ്രദേശങ്ങളിൽ താരതമ്യേന യുവി സൂചിക അധികമായിട്ടുണ്ട്. അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്ന ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങളുള്ള പ്രദേശങ്ങളിലും ക്രമാതീതമായ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. 34 ഡിഗ്രിയാണ് ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന ചൂട്. കഴിഞ്ഞ വർഷം ഇതേ സമയം 38 ഡിഗ്രിവരെ രേഖപ്പെടുത്തിയിരുന്നു.
വേനൽ കടുക്കുന്ന സാഹചര്യത്തിൽ ഇത്തവണയും ചൂട് വർദ്ധിച്ചേക്കും. പകൽ സമയത്തിന് സമാനമായി രാത്രികാലങ്ങളിലും ചൂട് വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. സൂര്യാഘാതത്തിനുള്ള സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നൽകിയിട്ടുണ്ട്. പുറം പണിയിലേർപ്പെടുന്ന തൊഴിലാളികൾക്ക് നേരത്തെ ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്‌മെന്റ്) സമയത്തിൽ ക്രമീകരണം നടത്താൻ നിർദേശിച്ചിട്ടുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്
രാവിലെ 10 മുതൽ മൂന്നുവരെയാണ് ഉയർന്ന ചൂട്. ഈ സമയം പുറത്തിറങ്ങുന്നത് ഒഴിവാക്കണം. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാണ് തൊഴിൽ സമയം. പകൽ 12 മുതൽ മൂന്നുവരെ വിശ്രമവേള നിർബന്ധമാണ്.
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ പകൽ ഷിഫ്റ്റ് 12ന് അവസാനിപ്പിക്കണം.
പകൽ സമയം പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം.
കട്ടിയുള്ള വസ്ത്രങ്ങൾ ഒഴിവാക്കി ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഉചിതം.
വെയിലിൽ കൂടുതൽ കായികക്ഷമത ആവശ്യമായ ജോലികളിൽ ഏർപ്പെടരുത്.
ശരീരത്തിൽ ജലത്തിന്റെ അളവ് നിലനിർത്തുക.
നിർജലീകരണത്തിന് കാരണമായ കാപ്പി, ചായ, മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, അധിക പഞ്ചസാരയുള്ള ജ്യൂസുകൾ എന്നിവ ഒഴിവാക്കണം.
വീട്ടിലും ചൂടിനെതിരെ പ്രതിരോധം ഉറപ്പാക്കണം. വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ, കൂളർ എന്നിവ ഉപയോഗിച്ച് ഊഷ്മാവ് ക്രമീകരിക്കണം.