ആറ്റുകാൽ പൊങ്കാലയിടാൻ അനുവാദമില്ലാത്തത് നഗരത്തിൽ ഇവിടെമാത്രം

Sunday 01 March 2026 4:34 PM IST

തിരുവന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാൽ പൊങ്കാല ഇടാൻ അനുവദിക്കില്ലെന്ന് എക്‌സീക്യൂട്ടിവ് ഓഫീസർ അറിയിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്രത്തിന്റെ എല്ലാ നടകളിലേയും റോഡ് ഗ്രാനൈറ്റ് പതിച്ച് മോടിപിടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ശൈലിയിൽ പതിച്ചിട്ടുള്ള മേന്മയുള്ള ഗ്രാനൈറ്റുകൾ വളരെ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്.

പുതുതായി പതിപ്പിച്ചിട്ടുള്ള കല്ലുകൾക്ക് മുകളിൽ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോൾ കല്ലുകളിൽ കരിപിടിച്ച് ശോഭ നഷ്ടപ്പെടുന്നതിനും തീച്ചൂടേറ്റ് പൊട്ടി നാശം സംഭവിക്കുന്നതിനും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഭൂഗർഭകേബിളുകൾക്ക് ചൂടേറ്റ് നാശം സംഭവിക്കുന്നതിനും സുരക്ഷ ഉപകരണങ്ങൾ ഉൾപ്പെടെ പ്രവർത്തന രഹിതമാകുന്നിതും തീപിടിത്തത്തിനും കാരണമാകാം. ഇത് കണക്കിലെടുത്താണ് സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് കല്ല് പതിച്ച് നടത്തിയിട്ടുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് മുകളിൽ പൊങ്കാലയിടാൻ പാടുള്ളതല്ലെന്ന് എക്‌സീക്യൂട്ടിവ് ഓഫീസർ അറിയിച്ചത്.

മറ്റന്നാളാണ് ചരിത്രപ്രസിദ്ധമായ പൊങ്കാല. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും.ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിന് 350 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്നതിനു കൂടുതൽ സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രസ്​റ്റ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞതവണത്തെക്കാൾ ഭക്തർ ഇത്തവണ പൊങ്കാലയിടാൻ എത്തുമെന്നാണ് കണക്കാക്കുന്നത്. ഭക്തജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്തതരത്തിൽ മുന്നൊരുക്കൾ നടത്തിയിട്ടുണ്ട്.