ഗൾഫ് മേഖലയിലെ സംഘർഷം: അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി

Sunday 01 March 2026 7:43 PM IST

ന്യൂഡൽഹി : ഇസ്രയേലിന്റെയും അമേരിക്കയുടെയും ഇറാന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ ഉടലെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാത്രി 9.30നാണ് നരേന്ദ്രമോദി തമിഴ്‌നാട്ടിൽ നിന്ന് തിരികെ എത്തുന്നത്. യോഗത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും. മേഖലയിലെ സ്ഥിതി കേന്ദ്രമന്ത്രി സഭയുടെ സുരക്ഷാ സമിതി വിലയിരുത്തും. ഏഴ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നേരത്തെ തന്നെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തിയിട്ടുണ്ട്. സ്വതന്ത്രരാജ്യങ്ങൾ നിശബ്ദത അവസാനിപ്പിക്കണമെന്ന് ഡൽഹിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ വിഷയത്തിൽ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഇന്ത്യ പ്രതികരിച്ചിട്ടില്ല.

അതേസമയം പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ രാഷ്‌ട്രീയപ്രതിസന്ധി നേരിടുന്ന ഇറാന്റെ ഇടക്കാല പരമോന്നത നേതാവായി മുതിർന്ന പുരോഹിതൻ ആയത്തുള്ള അലിറേസ അറഫിയെ തിരഞ്ഞെടുത്തു . ഇറാന്റെ ഭരണഘടനാ പ്രക്രിയയിൽ സ്ഥിരമായ ഒരു പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുവരെയും പരമോന്നത നേതാവിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരിക്കും

ഇറാന്റെ ഭരണഘടനാ ചട്ടക്കൂടിന് കീഴിൽ ഒരു താൽക്കാലിക നേതൃത്വ കൗൺസിൽ രൂപീകരിച്ചാണ് പരിവർത്തന കാലയളവിലേക്കുള്ള പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ചീഫ് ജസ്റ്റിസ് ഗോലം-ഹൊസൈൻ മൊഹ്‌സെനി-എജെയ്, ഗാർഡിയൻ കൗൺസിലിലെ ഒരു പുരോഹിതൻ എന്നിവർ ഉൾപ്പെടുന്നതാണ് താൽക്കാലിക നേതൃത്വ കൗൺസിൽ. ഖമനേയിയുടെ മരണത്തെത്തുടർന്നുള്ള പരിവർത്തന കാലയളവിൽ സ്ഥിരമായ ഒരു പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ പരമോന്നത നേതാവിന്റെ അധികാരങ്ങൾ താൽക്കാലിക കൗൺസിൽ കൂട്ടായി വിനിയോഗിക്കും.