ചിലപ്പോൾ തന്നിൽ യു.ഡി.എഫിന്റ ദൂഷ്യങ്ങൾകാണും: കെ.ടി. ജലീൽ
വളാഞ്ചേരി: താൻ യു.ഡി.എഫിൽ നിന്ന് വന്നയാളാണെന്നും അതിന്റെ ചില ദൂഷ്യങ്ങൾ ചിലപ്പോൾ കാണുമെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കുടുംബത്തിനെതിരെ ആരോപണമുന്നയിക്കുന്നില്ലെന്നും ഒരു ആരോപണത്തിന് മറുആരോപണം ഉന്നയിക്കുന്നത് യു.ഡി.എഫ് ശൈലിയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമർശവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജലീൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനുമായി ബന്ധപ്പെട്ട് ഉന്നയിച്ചത് പ്രത്യാരോപണമല്ല. സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് ലഭിച്ചതിൽ അസ്വാഭാവികതയുണ്ട്. വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കളുടെ അഭിപ്രായം ശരിവയ്ക്കുന്നു. സർവകലാശാല അദാലത്തിൽ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല. തെറ്റാണെങ്കിൽ ഉമ്മൻചാണ്ടിയും ആ തെറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഉയർത്തുന്ന പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും മന്ത്രി ആരോപിച്ചു.