പൊങ്കാല പുണ്യത്തിലേക്ക് നാട്...

Monday 02 March 2026 3:50 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരി നാളെ കൺതുറക്കുക ആറ്റുകാൽ പൊങ്കാലയെന്ന പുണ്യക്കാഴ്ചയിലേക്ക്. ലക്ഷക്കണക്കിന് വനിതകൾ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിലെത്തും.

കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന ദിനത്തിലാണ് പൊങ്കാല. മധുരയിൽ നിന്നും കൊടുങ്ങല്ലൂരേക്കുള്ള യാത്രാമദ്ധ്യേ ആറ്റുകാലിലെത്തിയ കണ്ണകിദേവിക്ക് മുല്ലവീട്ടിൽ പരമേശ്വരൻപിള്ള സ്വാമിയാണ് ആദ്യമായി നിവേദ്യം സമർപ്പിച്ചത്. കുംഭത്തിലെ പൗർണമിയും പൂരം നക്ഷത്രവും ചേർന്ന ദിനത്തിലായിരുന്നു അത്. അതുകൊണ്ടാണ് ഈ ദിവസം പൊങ്കാല ആഘോഷമായി കൊണ്ടാടുന്നതെന്നാണ് വിശ്വാസം.

ഇന്നലെ മുതൽ ബസിലും ട്രെയിനിലുമൊക്കെയായി ഭക്തർ എത്തിത്തുടങ്ങി.നാളെ രാവിലെ 9.45ന് പണ്ടാര അടുപ്പിൽ തീപകരും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. നിവേദ്യസമയത്ത് വ്യോമസേനയുടെ ഹെലികോപ്ടർ പുഷ്പവൃഷ്ടി നടത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

രൗദ്രഭാവത്തിൽ ദേവി

കോവലന്റെ മരണവാർത്ത അറിഞ്ഞ ദേവി കൈലാസത്തിൽ പോയി പരമശിവനിൽ നിന്ന് വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്ന ഭാഗമാണ് തോറ്റംപാട്ടിൽ ഇന്നലെ അവതരിപ്പിച്ചത്. കോവലനെ വധിച്ചതിനോടുള്ള ദുഃഖസൂചകമായി ഇന്നലെ രാവിലെ 7നാണ് നട തുറന്നത്. ഈ സമയം ദേവിയുടെ മുഖം മറച്ചിരുന്നു. കെടാവിളക്ക് കെടുത്തിയിരുന്നു. കോപാകുലയായ ദേവി കോവലനെ വധിക്കാൻ കാരണക്കാരനായ സ്വർണപ്പണിക്കാരനെ വധിക്കുന്ന ഭാഗം ഇന്ന് അവതരിപ്പിക്കും.

പൊങ്കാലയ്ക്ക് സ്ഥലം ബുക്ക്ഡ്

നഗരത്തിന്റെ മുക്കിലും മൂലയിലും പൊങ്കാല അടുപ്പുകൾ നിരന്നുകഴിഞ്ഞു. ചുടുകല്ല് വച്ച്

ചരട് കെട്ടി അതിൽ സ്ഥാപനങ്ങളുടെ പേരെഴുതിയ പേപ്പറുകൾ ഒട്ടിച്ചിട്ടുണ്ട്.