തലശേരി പുന്നോലിൽ തീപിടിത്തം, ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു 

Monday 02 March 2026 12:17 AM IST

തലശേരി: പുന്നോൽ പെട്ടിപ്പാലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെ, നേരത്തെ നഗരസഭ മാലിന്യം നിക്ഷേപിച്ചിരുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്. കനത്ത പുകയെ തുടർന്നാണ് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടത്.

ഗ്രൗണ്ട് കടലിനോട് ചേർന്നതിനാൽ ശക്തമായ കാറ്റിൽ തീ ആളി കത്തുകയായിരുന്നു. പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്ന് തലശേരി അഗ്നിരക്ഷാസേന യൂനിറ്റെത്തിയാണ് തീയണച്ചത്. 15 മിനുറ്റോളം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുകയെ തുടർന്ന് വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുകയായിരുന്നു.തലശേരി സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ എസ്.കെ റിതിൻ, റസ്‌ക്യൂ ഓഫിസർമാരായ എം. വിബീഷ്, അനന്ദകൃഷ്ണൻ, ഹോംഗാർഡുമാരായ തങ്കരാജൻ, നിഗീഷ്, ഫയർ ആൻഡ് റസ്‌ക്യൂ ഡ്രൈവർ ലിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പൊലിസും സ്ഥലത്തെത്തിയിരുന്നു.