രാസലഹരിക്കേസ് പ്രതിക്ക് 5 വർഷം കഠിന തടവും പിഴയും

Monday 02 March 2026 1:20 AM IST

കൊല്ലം: കൊട്ടിയത്ത് രാസലഹരിയുമായി പിടിയിലായ പ്രതിയ്ക്ക് 5 വർഷം കഠിന തടവും പിഴയും. കൊല്ലം മുണ്ടയ്ക്കൽ വില്ലേജിൽ കന്റോൺമെന്റ് സൗത്തിൽ സെന്റ് ആന്റണി കോട്ടേജിൽ ദിലനെ (24) ആണ് കൊല്ലം ജില്ല VI അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഹരിപ്രിയ പി. നമ്പ്യാർ അഞ്ച് വർഷം കഠിന തടവും 50,000/ രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം.

2022 ഡിസംബർ മാസം 24ന് രാത്രി 12.15ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. തഴുത്തല മൈലാപ്പൂര് ഗുരുമന്ദിരത്തിന് സമീപത്ത് വച്ച് മെത്താഫെറ്റാമിൻ എന്ന രാസലഹരിയുമായി കൊട്ടിയം എസ്.ഐ ആയിരുന്ന എസ്.ഷിഹാസ് ആണ് ദിലനെ അറസ്റ്റ് ചെയ്യുന്നത്. 2.21 ഗ്രാം മെത്താഫെറ്റാമിനാണ് പ്രതിയിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് പിന്നീട് വന്ന സുജിത്ത്.ജി.നായർ ആണ് തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എൻ.ഡി.പി.എസ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അനൂപ്.ബി. കുമ്പുക്കാടൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.എസ്.ഐ മനോരഥൻപിള്ളയായിരുന്നു പ്രോസിക്യൂഷൻ സഹായി.