1687 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി: ടി.ജെ.സനീഷ് കുമാർ എം.എൽ.എ

Monday 02 March 2026 12:00 AM IST
1

കൊടകര: അഞ്ച് വർഷത്തിനിടെ ചാലക്കുടി മണ്ഡലത്തിൽ 1687 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി സനീഷ് കുമാർ ജോസഫ് എം.എൽ.എ. കൊടകര പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കുന്നതിന് മുൻഗണന നൽകിയതായും കുടിവെള്ളം, വിദ്യാലയങ്ങൾ, അടിസ്ഥാന നിർമാണം, ആശുപത്രികൾ, റോഡുകൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയതായും എം.എൽ.എ വ്യക്തമാക്കി. വർഷങ്ങളായി മുടങ്ങിക്കിടന്ന ചാലക്കുടി മുൻസിപ്പൽ ജംഗ്ഷനിലെ അടിപ്പാതയുടെ നിർമ്മാണം പൂർത്തികരിച്ച് തുറന്നു കൊടുക്കാനായത് പ്രധാന നേട്ടമായാണ് കാണുന്നത്. മലയോര ഹൈവേ കടന്നുപോകുന്ന വെള്ളിക്കുളങ്ങര മുതൽ വെറ്റിലപ്പാറ വരെയുള്ള 19.1 കി.മി ദൂരത്തിലെ 80 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തികരിക്കാനായി. മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും ബി.എം ബി.സി നിലവാരത്തിൽ നവീകരിച്ചു. ചാലക്കുടി, കൊടകര മേൽപ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്നതിന് മണ്ഡലം ആസ്തി വികസന നിധിയിൽ നിന്നും ഒരു കോടി രൂപ വിതം അനുവദിച്ചതായും എം.എൽ.എ പറഞ്ഞു. കോടശ്ശേരി പഞ്ചായത്തിലെ മാരാംങ്കോട് തേക്ക് തോട്ടത്തിൽ വീടും ഭൂമിയും നൽകണമെന്നാവശ്യപ്പെട്ട് കുടിൽ കെട്ടി സമരം നടത്തിവരുന്ന ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെടുന്നു. പുനരധിവസിപ്പിക്കാൻ തയ്യാറാണെന്ന് വനം മന്ത്രി ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും വനം വകുപ്പ് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.ജി.അജോ അദ്ധ്യക്ഷനായി.