മാന്നാറിന്റെ കായിക സ്വപ്നം പൂവണിയുന്നു ; കുരട്ടിക്കാട് ടർഫ് നാളെ നാടിന് സമർപ്പിക്കും
മാന്നാർ: മാന്നാറിലെ കായികപ്രേമികളുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തണിയിച്ച് കുരട്ടിക്കാട് ടർഫ് കോർട്ടിന്റെ ഉദ്ഘാടനം നാളെ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. കുരട്ടിക്കാട് ആറാം വാർഡിൽ ഈസ്റ്റ് വെൽഫയർ സ്കൂൾ ഗ്രൗണ്ടിലാണ് ടർഫ് കോർട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മാസങ്ങൾ പിന്നിട്ടിട്ടും ഫുട്ബാൾ ടർഫ് കോർട്ട് തുറന്ന് നൽകാത്തതിൽ കായിക പ്രേമികൾ നിരാശയിലായിരുന്നു. അനുബന്ധ പ്രവൃത്തികളായ ഫെൻസിംഗ്, ഇന്റർലോക്ക്, ഓപ്പൺ ജിംനേഷ്യം എന്നിവയുടെ ടെണ്ടർ നടപടികളുടെ കാലതാമസമായിരുന്നു ടർഫ് കോർട്ട് തുറക്കുന്നതിന് തടസം നേരിട്ടത്. തടസങ്ങളെല്ലാം നീക്കി അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കി കായികപ്രേമികൾക്കായി നാളെ വൈകിട്ട് 4ന് ടർഫ് കോർട്ട് തുറന്ന് കൊടുക്കും. മാന്നാറിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തു പകർന്നുകൊണ്ട് മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായിട്ടാണ് 1.5 കോടി രൂപ വകയിരുത്തി ഫുട്ബാൾ കോർട്ട് നിർമ്മാണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 65 ലക്ഷം രൂപ വിനിയോഗിച്ചാണ് ടർഫിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
കായിക സ്വപ്നങ്ങൾക്ക് ഊർജം
ടർഫ് കോർട്ടിന്റെ അനുബന്ധ പ്രവൃത്തികളായ ഫെൻസിംഗ്, ഇന്റർലോക്ക്, ഓപ്പൺ ജിംനേഷ്യം എന്നിവയ്ക്കായി 85 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകി.
ഫുട്ബാൾ ടർഫ് കോർട്ടിന്റെ ഉത്തരവാദിത്തം ഈസ്റ്റ് വെൽഫയർ സ്കൂൾ വികസന സമിതിക്കാണ്.
വൈദ്യുതി ചാർജ്, പരിപാലകന്റെ വേതനം, അറ്റകുറ്റപ്പണികൾ എന്നിവക്കായുള്ള പണം കണ്ടെത്തുന്നതിനായി ടർഫ് ഉപയോഗിക്കുന്നവരിൽ നിന്ന് ഒരു നിശ്ചിത തുക ഈടാക്കും.
കായിക പ്രേമികളുടെ വളരെക്കാലമായുള്ള സ്വപ്നമാണ് കുരട്ടിക്കാട് ഈസ്റ്റ് വെൽഫയർ സ്കൂൾ ഗ്രൗണ്ടിൽ മന്ത്രി സജി ചെറിയാൻ യാഥാർത്ഥ്യമാക്കുന്നത്.