പശ്ചിമേഷ്യയെ വിറപ്പിക്കുന്ന സമാന്തര സേന
ടെഹ്റാൻ: ഖമനേയിയുടെ മരണത്തിനും ഇസ്രയേൽ-യു.എസ് ആക്രമണങ്ങൾക്കും പിന്നാലെ ലോകം ഉറ്റുനോക്കുന്നത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനെയാണ്. ഇറാന്റെ കരുത്തുറ്റ സായുധ സേനാ വിഭാഗം. ഭരണകൂടത്തെയും ആദർശങ്ങളെയും സംരക്ഷിക്കുന്ന കവചമാണ് ഈ സേന. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ, പുതിയ ഭരണകൂടത്തെ ആഭ്യന്തര-ബാഹ്യ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാനാണ് റെവല്യൂഷണറി ഗാർഡ് രൂപീകരിച്ചത്. ഇറാന്റെ സാധാരണ സൈന്യത്തിന് ('അർട്ടേഷ്') സമാന്തരമായി പ്രവർത്തിക്കുന്നത്. സാധാരണ സൈന്യം പ്രതിരോധ മന്ത്രിക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ, റെവല്യൂഷണറി ഗാർഡ് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇറാന്റെ പരമോന്നത നേതാവിനെ. സ്വന്തമായി കര,നാവിക,വ്യോമസേനകളും ഇന്റലിജൻസ് വിഭാഗം, 'ബാസിജ്' എന്ന പാരാമിലിറ്ററി വിഭാഗവും ഇതിന്റെ ഭാഗം. യു.എസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ റെവല്യൂഷണറി ഗാർഡ് മേധാവി കൊല്ലപ്പെട്ടതിനെത്തുടർന്ന്, ബ്രിഗേഡിയർ ജനറൽ അഹ്‌മ്മദ് വഹീദി പുതിയ മേധാവിയായി നിയമിതനായിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രത്യാക്രമണം നടത്തുമെന്ന് റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇസ്രയേലിനെയും മേഖലയിലെ യു.എസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടുള്ള വൻ നീക്കങ്ങളാണ് ഇവരുടെ ലക്ഷ്യം.
ആഗോള സ്വാധീനം
റെവല്യൂഷണറി ഗാർഡിന്റെ വിദേശകാര്യ വിഭാഗമായ 'ഖുദ്സ് ഫോഴ്‌സ്' പശ്ചിമേഷ്യയിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നു.
ഇറാന്റെ ആധുനിക ബാലിസ്റ്റിക് മിസൈൽ ശേഖരത്തിന്റെ പൂർണ നിയന്ത്രണം.
ഡ്രോൺ സാങ്കേതികവിദ്യയിലും ബഹുദൂരം മുന്നിൽ.
സൈനിക മേഖലയ്ക്ക് പുറമേ,ഇറാന്റെ സാമ്പത്തിക-ബിസിനസ് രംഗങ്ങളിലും വലിയ സ്വാധീനം. രാജ്യത്തെ നിർമ്മാണം,ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളിൽ റെവല്യൂഷണറി ഗാർഡ് നിയന്ത്രിക്കുന്ന കമ്പനികളാണുള്ളത്.