അനുകൂലിച്ചും അപലപിച്ചും ലോകം
ടെൽ അവീവ്: ഇറാനിലെ യു.എസ്-ഇസ്രയേൽ ആക്രമണത്തോടും ഖമനേയി വധത്തോടും സമ്മിശ്ര പ്രതികരണവുമായി ലോകരാജ്യങ്ങൾ. നടപടിയെ ഓസ്ട്രേലിയയും കാനഡയും ശക്തമായി പിന്തുണച്ചു. ഇറാനാണ് മേഖലയിലെ അസ്ഥിരതയ്ക്ക് കാരണമെന്നും ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടമായിരുന്നു ഖമനേയിയുടേതെന്നും ഇവർ ആരോപിച്ചു.
ആക്രമണത്തെ പിന്തുണച്ച യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, യുക്രെയിനെ ആക്രമിക്കാൻ ഇറാൻ ഡ്രോണുകൾ നൽകി സഹായിച്ചതിനെ രൂക്ഷമായി കുറ്റപ്പെടുത്തി. ഫ്രാൻസ്, ബ്രിട്ടൺ, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ആക്രമണത്തെ നേരിട്ട് അപലപിച്ചില്ല. എന്നാൽ അടിയന്തരമായി നയതന്ത്ര പാത സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആക്രമണത്തെ അംഗീകരിക്കാനാകില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
അതേ സമയം, റഷ്യയും ചൈനയും ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തി. മുൻകൂട്ടി നിശ്ചയിച്ച്, പ്രകോപനങ്ങളൊന്നും കൂടാതെ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായി റഷ്യ പ്രതികരിച്ചു. യു.എസ് തനിസ്വരൂപം കാട്ടിയെന്ന് റഷ്യൻ മുൻ പ്രസിഡന്റ് ഡിമിട്രി മെഡ്വഡേവ് പറഞ്ഞു. ഖമനേയിയെ വധിച്ചത് അംഗീകരിക്കാനാകില്ലെന്നും യു.എൻ ചാർട്ടറിന്റെ ലംഘനമാണെന്നും ചൈന യു.എൻ രക്ഷാ സമിതി യോഗത്തിൽ ഉന്നയിച്ചു.
ഇസ്രയേലിന്റെ എതിരാളികളായ ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകളും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. അതേ സമയം, ഖമനേയി വധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇറാൻ വംശജർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റാലികൾ നടത്തി.
ആയുധങ്ങൾക്ക് സമാധാനം കൊണ്ടുവരാനാകില്ല. യുദ്ധം അവസാനിപ്പിക്കണം. മിഡിൽ ഈസ്റ്റിലെയും ഇറാനിലെയും സംഭവങ്ങളിൽ വളരെ ആശങ്കയുണ്ട്.സമാധാനവും സ്ഥിരതയും പരസ്പരമുള്ള ഭീഷണികളിലൂടെയോ ആയുധത്തിലൂടെയോ സ്ഥാപിക്കാൻ കഴിയില്ല. ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക. സമാധാനം വേണമെന്നുണ്ടെങ്കിൽ യുക്തിഭദ്രമായ ഉത്തരവാദിത്വബോധമുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടത്. ലോക സമാധാനത്തിന് താൻ പ്രാർത്ഥിക്കുന്നു.
- ലിയോ പതിനാലാമൻ മാർപാപ്പ.