ഇസ്രയേലിന് നേരെ റോക്കറ്റ് ആക്രമണവുമായി ഹിസ്‌ബുള്ള, ജനങ്ങളോട് ഒഴിയാനാവശ്യപ്പെട്ട് ഇസ്രയേൽ സേന
ബെയ്‌റൂട്ട്: ഇറാനെതിരെ അമേരിക്കയോടൊപ്പം ആക്രമണം നടത്തുന്ന ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഭീകരസംഘടനയായ ഹിസ്‌ബുള്ള. അയൽരാജ്യമായ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നിന്നാണ് ഇസ്രയേൽ സേനക്ക് നേരെ മിസൈൽ ആക്രമണമുണ്ടായത്. അതേസമയം ഹിസ്‌ബുള്ളയുടെ ആക്രമണം 'നിരുത്തരവാദപരവും സംശയാസ്‌പദവും' ആണെന്ന് ലെബനൻ പ്രധാനമന്ത്രി നവാസ് സലാം പ്രതികരിച്ചു.
ഹിസ്‌ബുള്ള നടപടിക്കെതിരെ ഇസ്രയേൽ ശക്തമായ തിരിച്ചടി ഇന്ന് പുലർച്ചെ നൽകി. ഒരു വർഷത്തിലേറെക്കാലമായി ഹിസ്‌ബുള്ളയിൽ നിന്ന് ഇസ്രയേലിനെതിരെ ആക്രമണങ്ങളുണ്ടായിട്ടില്ല. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്ന് ഹിസ്‌ബുള്ള വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ലെബനനിൽ കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതിനാൽ സമീപത്തെ 50 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടു. കിഴക്കൻ-തെക്കൻ ലെബനനിലെ ജനങ്ങളോട് ഗ്രാമങ്ങളിൽ നിന്ന് 1000 മീറ്റർ ദൂരെയുള്ള തുറസായ ഭാഗത്തേക്ക് മാറണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ അതിർത്തിൽ ഒരു മിസൈൽ വീണെന്നും എന്നാൽ ആർക്കും പരിക്കേറ്റില്ലെന്നും ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. തുടർച്ചയായ ഇസ്രയേലി പ്രകോപനങ്ങൾക്ക് മറുപടിയാണ് തങ്ങൾ നൽകിയതെന്നാണ് ഹിസ്‌ബൊള്ളയുടെ വാദം.