ലക്ഷ്യമിട്ടത് നെതന്യാഹുവിനെ, തൊടുത്തത് ഖൈബര്‍ മിസൈലുകള്‍; ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍

Monday 02 March 2026 6:40 PM IST

ടെഹ്‌റാന്‍/ ടെല്‍-അവീവ്: ഇറാന്‍ - ഇസ്രയേല്‍ യുദ്ധം തുടരുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഇറാന്‍. നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് മിസൈല്‍ വര്‍ഷം നടത്തിയെങ്കിലും കൃത്യമായി പ്രതിരോധിച്ചുവെന്ന് സൈന്യം വ്യക്തമാക്കി. ടെല്‍ അവീവിലെ നെതന്യാഹുവിന്റെ ഓഫീസിലും ഹൈഫയിലെ സൈനിക കേന്ദ്രങ്ങളിലേക്കും ഖൈബര്‍ മിസൈലുകളാണ് ഇറാന്‍ തൊടുത്തത്.

ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആണ് ആക്രമണം നടത്തിയത്. എന്നാല്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ചുവെന്നാണ് ഇസ്രയേലി സൈന്യം പ്രതികരിച്ചത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ മൂന്ന് എഫ്-15 വിമാനങ്ങള്‍ തകര്‍ന്നുവെന്ന് അമേരിക്ക സ്ഥിരീകരിച്ചു. അതേസമയം, തങ്ങള്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് ഇറാന്റെ പ്രതികരണം. ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത് മുതല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

ഇസ്രയേല്‍ - അമേരിക്ക സംയുക്ത ഓപ്പറേഷനാണ് ഇറാനിലാകെ നടക്കുന്നത്. ഇതുവരെ 550ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘര്‍ഷം ഗള്‍ഫ് മേഖലയിലും കാര്യമായി തന്നെ തുടരുകയാണ്.

ഇറാന്റെ ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ ഒമാനിലെ എണ്ണക്കപ്പല്‍ ജീവനക്കാരനായ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു കപ്പലിന് നേരെയുള്ള ആക്രമണത്തില്‍ രണ്ട് പേരെ കാണാനില്ലെന്നാണ് ഔദ്യോഗിക വിവരം. നിരവധി പ്രവാസികള്‍ താമസിക്കുന്ന ഗള്‍ഫ് മേഖലയില്‍ ആക്രമണം നടക്കുന്നതില്‍ മലയാളികള്‍ക്ക് വലിയ ആശങ്കയാണുള്ളത്.