ആൺസുഹൃത്തിന് മറ്റൊരാളുമായി ബന്ധം, വാക്കുതർക്കത്തിന് പിന്നാലെ നടുറോഡിൽ കാമുകനുമായി തമ്മിൽത്തല്ലി യുവതി
തിരുവനന്തപുരം: തലസ്ഥാനത്ത് മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിലടിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ഇവരുടെ തമ്മിൽത്തല്ല് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനും ഇയാളുടെ കാമുകിയായ എറണാകുളം സ്വദേശിയായ യുവതിയുമാണ് തമ്മിലടിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആളുകൾ നോക്കിനിൽക്കെയാണ് സംഭവം.
മാനവീയം വീഥിയിൽ വച്ചാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് ഇവർ പ്രണയത്തിലായി. എന്നാൽ യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കുതർക്കത്തിലായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. അതേസമയം സംഭവത്തിൽ രണ്ടുപേർക്കും പരാതിയില്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. വീഡിയോ വൈറലായതോടെ പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് ഇവർക്കെതിരെ മ്യൂസിയം പൊലീസ് പെറ്റകേസെടുത്തു.
റോഡിലും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. യുവാവ് പെൺകുട്ടിയുടെ അടി കൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. ഒപ്പം നിൽക്കുന്നവർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദ്ദിക്കുന്നതും കാണാം, സംഭവത്തിന് പിന്നാലെ പൊലീസെത്തി ഇവരോട് കാര്യങ്ങൾ തിരക്കിയെങ്കിലും തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു മറുപടി.