പശ്ചിമേഷ്യയ്ക്ക് തീപിടിക്കുമ്പോൾ

Tuesday 03 March 2026 4:19 AM IST

യുദ്ധത്തിന്റെ ആദ്യദിനത്തിൽത്തന്നെ ശത്രുരാജ്യത്തിന്റെ ഭരണത്തലവൻ വധിക്കപ്പെടുക എന്നത് അത്യപൂർവമായിപ്പോലും സംഭവിക്കുന്നതല്ല. --അതാണ് ഇറാനിൽ സംഭവിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തിൽ കൊട്ടാരം തകർന്ന്, ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി വധിക്കപ്പെട്ടിരിക്കുന്നു. ഖമനേയിയുടെ വസതിയും ഓഫീസും ഉൾപ്പെട്ട കെട്ടിടസമുച്ചയം ലക്ഷ്യമിട്ട് ശനിയാഴ്ച രാവിലെ ഒൻപതുമണിയോടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അദ്ദേഹവും കുടുംബാംഗങ്ങളും മാത്രമല്ല, പ്രതിരോധമന്ത്രി അസീസ് നാസിർ സാദെ, സൈനിക മേധാവി അബ്ദുൾ റഹിം മൗസവി, ഇറാൻ റവല്യൂഷനറി ഗാർഡ് കോറിന്റെ തലവൻ മുഹമ്മദ് പാക്‌‌പൂർ എന്നിവരും മരണമടഞ്ഞെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് മഹ‌്‌മൂദ് അഹമ്മദി നെജാദും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

തലയ്ക്കടിച്ചാൽ പിന്നെ വാൽ പൊങ്ങില്ല എന്നാണ് പ്രമാണമെങ്കിലും, അതല്ല ഈ ആക്രമണത്തിനു ശേഷം പശ്ചിമേഷ്യയിൽ സംഭവിച്ചത്. ഇറാൻ ഇസ്രയേലിനെയും 12 ഗൾഫ് രാജ്യങ്ങളെയും തിരിച്ചടിച്ചു. ഇറാന്റെ തിരിച്ചടിയിൽ ഇസ്രയേലിലും ഗൾഫിലും,​ എണ്ണത്തിൽ കുറവാണെങ്കിലും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. യുദ്ധം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപും പറയുന്നത്. പശ്ചിമേഷ്യയാകെ യുദ്ധത്തിന്റെ കരിമേഘങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ഒരു കോടിയോളം ഇന്ത്യക്കാർ; അതിൽ ഭൂരിപക്ഷവും മലയാളികൾ ജോലി തേടി കഴിയുന്ന മേഖലയാണ് ഗൾഫ് നാടുകൾ. വ്യോമയാന സർവീസുകൾ റദ്ദാക്കപ്പെട്ടതും ഈ മേഖലയിൽ തീമഴ തുടരുന്നതും ഇന്ത്യയിലും; പ്രത്യേകിച്ച് കേരളത്തിലും അതീവ ആശങ്ക പടർത്തിയിരിക്കുന്നു. ഒരു ദിവസം മുമ്പെങ്കിലും യുദ്ധം അവസാനിച്ചു കാണാനാണ് അവരും അവരുടെ ബന്ധുമിത്രാദികളും ആഗ്രഹിക്കുന്നത്. എന്നാൽ,​ അതത്ര ക്ഷിപ്രസാദ്ധ്യമല്ല എന്നാണ് സംഘർഷത്തിന്റെ ഗതിവിഗതികൾ സൂചിപ്പിക്കുന്നത്.

അമേരിക്ക ഇറാൻ ആക്രമിക്കുമെന്നത് ഏതാണ്ട് ലോകം പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. എന്നാൽ യു.എസ്- ഇറാൻ ചർച്ചകൾ തുടരുന്നതിനിടെ തികച്ചും അപ്രതീക്ഷിതമായി ഇസ്രയേലാണ് ആദ്യ ആക്രമണം നടത്തിയത്. അതിന്റെ പ്രധാന കാരണം,​ ഇസ്രയേലി ചാരസംഘടനയായ മൊസാദ് ആ രാജ്യത്തിനു നൽകിയ രഹസ്യവിവരങ്ങൾ തന്നെയാവണം. ഇറാൻ ഭരണാധിപൻ അലി ഖമനേയിയുടെ അദ്ധ്യക്ഷതയിൽ സുപ്രധാന സൈനിക മേധാവികൾ പങ്കെടുക്കുന്ന ഒരു രഹസ്യയോഗം നടക്കുന്ന സമയവും സ്ഥലവും അത്യന്തം വിശ്വസനീയമായ ഇറാൻ സ്രോതസുകളിൽ നിന്നുതന്നെ ചോർന്നു കിട്ടിയതാവാതെ തരമില്ല. സിംഹത്തെ അതിന്റെ മടയിൽ കയറി ആക്രമിക്കുക എന്ന തന്ത്രം അന്താരാഷ്ട്ര ചട്ടങ്ങളൊന്നും മാനിക്കാതെ അവർ അതിവേഗം നടപ്പാക്കുകയായിരുന്നു. ഇതോടെ ഇറാനിൽ ഭരണമാറ്റമല്ലാതെ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് അമേരിക്കയും ഇസ്രയേലും കണക്കുകൂട്ടുകയും ചെയ്തു.

എന്നാൽ യുദ്ധത്തിലും പ്രേമത്തിലും എല്ലാം മുൻകൂട്ടി കരുതുന്നതുപോലെ പര്യവസാനിക്കണമെന്നില്ല! ലോകത്താകമാനം സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതു കൂടിയായി യുദ്ധം പടരുമോ; അതൊരു മൂന്നാം ലോക മഹായുദ്ധത്തിന് വഴിതുറക്കുമോ എന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ഇതിൽ ഉൾപ്പെടാത്ത ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ലോക രാജ്യങ്ങൾ. സംഘർഷം രൂക്ഷമായാൽ പശ്ചിമേഷ്യയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുക എന്ന ഭഗീരഥപ്രയത്നത്തിന് ഇന്ത്യയ്ക്ക് തുടക്കം കുറിക്കേണ്ടിവരും. അതിനാൽ ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തര കൂടിയാലോചനകളും തീരുമാനങ്ങളും മുന്നൊരുക്കങ്ങളും എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇറാനെ അമേരിക്കയുടെയും ഇസ്രയേലിന്റെയും കണ്ണിലെ കരടാക്കി മാറ്റിയത് അവരുടെ ആണവ പദ്ധതികളാണ്. ഇറാന്റെ ആണവ പദ്ധതികൾ ഷായുടെ ഭരണകാലയളവോളം പഴക്കമുള്ളതാണ്. എന്നാൽ 47 വർഷങ്ങൾക്കു മുമ്പ് മത നേതാവായ അയത്തൊള്ള ഖമനേയിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രക്ഷോഭത്തോടെ ഷായ്ക്ക് രാജ്യംവിട്ട് ഓടേണ്ടിവന്നു. തുടർന്ന് രാജ്യത്തിന്റെ പരമോന്നത നേതാവായ ഖമനേയി ആണവ പദ്ധതികൾ അനിസ്ളാമികമാണെന്നു പ്രഖ്യാപിച്ച് നിറുത്തിവയ്ക്കുകയാണ് ചെയ്തത്. ഖമനേയിക്ക് സമാധാനപരമായി രാജ്യം നയിക്കാൻ ഇടനൽകിയ ഒരു തീരുമാനമായിരുന്നു അത്. എന്നാൽ എട്ടു വർഷം നീണ്ട ഇറാൻ - ഇറാക്ക് യുദ്ധമാണ് അതെല്ലാം തകിടം മറിച്ചത്. ജൈവായുധങ്ങളും രാസായുധങ്ങളും ഇറാക്ക് ഇറാനെതിരെ പ്രയോഗിച്ചപ്പോഴാണ് പിടിച്ചുനിൽക്കാനും തിരിച്ചടിക്കാനും ഇനി ആണവായുധ പരീക്ഷണം തന്നെ വേണമെന്ന നയംമാറ്റത്തിലേക്ക് ഇറാൻ എത്തിച്ചേർന്നത്.

അതിനാവശ്യമായ പണം ഇറാന്റെ എണ്ണ സമ്പത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാൽ സാങ്കേതികവിദ്യയും യുറേനിയം ഉൾപ്പെടെയുള്ള അസംസ്‌കൃത ധാതുക്കളുമാണ് ഇല്ലാതിരുന്നത്. ഈ ഘട്ടത്തിൽ ആണവ പദ്ധതികൾക്കാവശ്യമായ സഹായങ്ങൾ ഇറാനു ലഭിച്ചത് പ്രധാനമായും റഷ്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമാണ്. പാകിസ്ഥാന്റെ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അബ്ദുൾ ഖാദർഖാൻ പണം കൈപ്പറ്റി ആണവ രഹസ്യങ്ങളും സൂക്ഷ‌്‌മോപകരണങ്ങളും ഇറാന് കൈമാറിയെന്ന് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 'മരണത്തിന്റെ വ്യാപാരി" എന്ന വിളിപ്പേര് ഡോക്ടർ ഖാന് സമ്മാനിച്ചതും ഇത്തരം വാർത്തകളായിരുന്നു. 2004 ഫെബ്രുവരി നാലിന് ഡോ. ഖാൻ കണ്ണീരോടെ പാക് ടെലിവിഷൻ ക്യാമറകൾക്കു മുന്നിലെത്തി,​ താൻ ലിബിയയ്ക്കും ഉത്തര കൊറിയയ്ക്കും ഇറാനും ആണവ രഹസ്യങ്ങൾ കൈമാറിയെന്ന് പരസ്യമായി ഏറ്റുപറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ ഖാന് സമ്പൂർണ മാപ്പ് നൽകാനാണ് പാക് ഗവൺമെന്റ് തീരുമാനിച്ചത്!

അമേരിക്കയുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രം കൂടിയായിരുന്നു ഇത്. സർവ കുറ്റവും ഖാന്റെ തലയിൽ ചാരി കൈകഴുകുകയാണ് പാക് സർക്കാർ ചെയ്തത്. പിന്നീടും അവർ ഇറാന് ആണവ രംഗത്തിന്റെ വികസനത്തിനാവശ്യമായ സഹായങ്ങൾ തുടർന്നിരുന്നു എന്നതാണ് വസ്തുത. അതിനാൽ ഇറാനും പാകിസ്ഥാനുമായി നമ്മൾ പുറമെ കാണുന്ന ബന്ധത്തിലുപരിയുള്ള രഹസ്യബന്ധം നിലനിൽക്കുന്നുണ്ട്. അതിനെക്കുറിച്ച് ഇന്ത്യയ്ക്കും ഉത്തമബോദ്ധ്യമുള്ളതാണ്. ഇസ്രയേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് മുൻ പ്രസിഡന്റ് നെജാദും,​ ഖമനേയിയും ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇരുവരെയും ഇസ്രയേൽ വധിച്ചെങ്കിലും അവരുടെ ഭീഷണി നിലനിൽക്കുകയാണ്. അണുബോംബിട്ടാൽ മാത്രമേ ഒരു രാജ്യത്തെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാനാവൂ. അതിനാൽ ഇറാന്റെ ആണവ പദ്ധതി അപ്പാടെ തകർക്കേണ്ടത് ഇസ്രയേലിന്റെ നിലനില്പിന് ആവശ്യമാണ്.

മാസങ്ങൾക്കു മുമ്പ് ഇറാനെ അമേരിക്ക ആക്രമിച്ചത് രഹസ്യ ആണവ നിർമ്മാണ കേന്ദ്രങ്ങൾ തകർക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. എന്നാൽ, ഖത്തറിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇറാൻ മിസൈൽ പ്രയോഗിച്ചതോടെ പൊടുന്നനെ അമേരിക്ക ആക്രമണം നിറുത്തിവയ്ക്കുകയായിരുന്നു. അതിൽ ഇസ്രയേലിന് അമർഷമുണ്ടായിരുന്നു. അതിനാലാണ് ഇത്തവണ ഇസ്രയേൽ തന്നെ യുദ്ധം തുടങ്ങിവച്ചത്. ഇറാനിലെ ആണവായുധ ഗവേഷണ കേന്ദ്രങ്ങൾ പുനരാരംഭിക്കാൻ ഇനിയൊരു അരനൂറ്റാണ്ടെങ്കിലും വേണ്ടിവരുന്ന വിധത്തിൽ നശിപ്പിക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യം. അത് അവർ പൂർത്തിയാക്കാതെ പിന്മാറുക സാദ്ധ്യമാണെന്നു തോന്നുന്നില്ല. യുദ്ധം നീണ്ടുപോകാനാണ് സാദ്ധ്യത എന്ന ട്രംപിന്റെ പ്രസ്താവനയും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. പശ്ചിമേഷ്യയിലെ മേഘങ്ങളിൽ തീയ്ക്കു പകരം ജലം നിറയ്ക്കാൻ ലോകം ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്.