തെലങ്കാനയിലെ ബുൾഡോസർരാജ് ആശങ്കയുളവാക്കുന്നു: മുഖ്യമന്ത്രി

Tuesday 03 March 2026 2:52 AM IST

തിരുവനന്തപുരം: കർണാടകയ്ക്ക് ശേഷം തെലങ്കാനയിലും ബുൾഡോസർരാജ് അരങ്ങേറിയത് ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. ഭൂദാൻ പ്രസ്ഥാനത്തിന്റെ പരിമിതമായ ലക്ഷ്യങ്ങളെപ്പോലും തെലങ്കാനയിലെ കോൺഗ്രസിന് അംഗീകരിക്കാൻ കഴിയുന്നില്ലെന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഖമ്മം ജില്ലയിലെ വെളുഗുമറ്റ്ല ഗ്രാമത്തിലുള്ള ഭൂദാൻ ഭൂമിയിലെ 700 വീടുകളാണ് മുൻകൂർ നോട്ടീസൊന്നും നൽകാതെ പൊലീസ് അകമ്പടിയിൽ അടിച്ചുനിരത്തിയത്. എല്ലാ രേഖകളുമുള്ള മൂവായിരത്തോളം പേരെയാണ് കോൺഗ്രസ് സർക്കാർ ഭവനരഹിതരാക്കിയത്.

ആചാര്യ വിനോബ ഭാവെ നേതൃത്വം നൽകിയ ഭൂദാൻ പ്രസ്ഥാനത്തിന്റെ കാലത്ത് ഭൂരഹിത കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ വിനോബ നഗറിലെ വീടുകളാണ് കോൺഗ്രസ് സർക്കാർ പൊളിച്ചുനീക്കിയത്.

യലഹങ്കയിലെ ബുൾഡോസർ രാജിന്റെ ഇരകൾ ഇപ്പോഴും തെരുവിൽ ജീവിതം തള്ളിനീക്കുകയാണ്. തങ്ങളാണ് ഇടതുപക്ഷം എന്ന് വീമ്പു പറയുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇതിനു മറുപടി പറയണം.

മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ കേരളം ചേർത്തുനിറുത്തി അവർക്ക് പുതിയ വീടുകൾ നൽകി പുനരധിവാസ പുനർനിർമ്മാണത്തിന്റെ പുതിയ മാതൃക തീർത്ത ഘട്ടത്തിലാണ് തെലങ്കാനയിൽ സർക്കാർ പട്ടയമുള്ളവരെപ്പോലും വ്യാജപട്ടയക്കാരായി ചിത്രീകരിക്കുന്നത്. കേരളത്തിലെ സർക്കാർ പട്ടയം നൽകി അവരെ ഭൂമിയുടെ അവകാശികളാക്കുമ്പോഴാണ് തെലങ്കാനയിലെ ഈ കുടിയൊഴിപ്പിക്കൽ. ഉത്തരേന്ത്യൻ ബി.ജെ.പി സർക്കാരുകളുടെ തനിപ്പകർപ്പാണ് തങ്ങളെന്ന് കോൺഗ്രസ് സർക്കാരുകൾ തെളിയിക്കുകയാണ്. കുടിയൊഴിപ്പിക്കലിന്റെയും ആട്ടിപ്പായിക്കലിന്റെയും കുടില രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്.

ഇവിടെ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് നൂറുകണക്കിന് വീട് വച്ച് കൊടുക്കും എന്ന് വാഗ്ദാനം ചെയ്ത് ഇപ്പോൾ ആ വാക്ക് വിഴുങ്ങിയത്, ജനങ്ങളോടുള്ള കോൺഗ്രസ് സമീപനത്തിന്റെ മറ്റൊരു രൂപമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.