ഇറാന്റെ ആക്രമണം ഇന്ത്യക്കും ഭീഷണി , ഇന്ധന വരവ് കുറയും , ഇനി ആശ്രയം റഷ്യ
ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം വ്യാപിപ്പിച്ചതോടെ ലോകത്തിന്റെ 20 ശതമാനം ക്രൂഡോയിൽ ഗതാഗതം നടക്കുന്ന ഹോർമുസ് ഇടനാഴി നിശ്ചലമായി. മാർച്ച് ഒന്നിന് ഇന്ത്യയിലേക്കുള്ള ഒരൊറ്റ കപ്പലുകൾ പോലും ഹോർമുസ് ഇടനാഴിയിലൂടെ കടന്നുപോയില്ലെന്ന് ട്രാക്കിംഗ് പ്ളാറ്റ്ഫോമായ കെപ്ളറിന്റെ റിപ്പോർട്ടിൽ പറയുന്നു. ക്രൂഡ് ടാങ്കറുകൾ ഇടനാഴിയിൽ പ്രവേശിക്കാതെ യു.എ.ഇക്ക് അടുത്ത് പോർട്ട് ഒഫ് ഫുജൈറെയിൽ നങ്കൂരമിട്ടിരിക്കുകയാണ്. ഫെബ്രുവരി 27ന് 1.9 കോടി ബാരൽ ക്രൂഡോയിലാണ് ഹോർമുസ് ഇടനാഴിയിലൂടെ കടന്നുപോയത്. ഫെബ്രുവരി 28ന് ചരക്ക് ഗതാഗത 1.8 കോടി ബാരലായി കുറഞ്ഞു. മാർച്ച് ഒന്നിന് യൂറോപ്പിലേക്കുള്ള ഒരു വലിയ ടാങ്കർ മാത്രമാണ് ഇതുവഴി കടന്നുപോയത്.
രാജ്യത്തെ ഊർജ്ജ പ്രതിസന്ധി ഒഴിവാക്കാൻ റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. തീരുമാനം, ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ പകുതിയോളം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. ഇറാഖ്, സൗദി,യു.എ.ഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ പ്രധാനമായും ഹോർമുസ് വഴിയാണ് വരുന്നത്. എണ്ണയ്ക്കൊപ്പം എൽ.പി.ജി ഇറക്കുമതിക്കും ഈ പാതയാണ് ആശ്രയം. എൽ.പി.ജിക്ക് മറ്റ് കേന്ദ്രങ്ങൾ ആശ്രയിക്കാനില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഹോർമുസിലൂടെ കടന്ന് പോയ ആറു കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് യൂറോപ്പിൽ വാതകവില കുതിച്ചുയർന്നിരുന്നു.