ഇറാന്റെ ആണവശേഖരം നശിപ്പിക്കാനുള്ള അവസാന അവസരം,​ സൈനിക നടപടി തുടരുമെന്ന് ട്രംപ്

Monday 02 March 2026 10:46 PM IST

വാഷിംഗ്ടൺ: ഇറാൻ ആണവായുധം നിർമ്മിക്കുന്നത് ലോകത്തിന് ഭീഷണിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടി തുടരുമെന്നും ട്രംപ് പറഞ്ഞു. ഇറാന് നൽകിയ മുന്നറിയിപ്പുകളെല്ലാം അവർ അവഗണിച്ചു. ലോകസുരക്ഷയ്ക്കായാണ് ഇറാനെ ആക്രമിച്ചത്. ഇറാന്റെ ആണവായുധങ്ങൾ ലോകത്തിന് ഭീഷണിയാണ്. ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കയ്ക്ക് ഭീഷണിയാണ്. ഇറന്റെ പത്ത് കപ്പലുകളാണ് തകർത്തത്. നാലഞ്ച് ആഴ്ച വരെ യുദ്ധം തുടരും. എത്രകാലം വേണമെങ്കിലും യുദ്ധം തുടരാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും ട്രംപ് പറഞ്ഞു,​

യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഇറാനെതിരായ ആക്രമണത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. യുദ്ധം എത്രനാൾ തുടരുമെന്ന് ട്രംപ് തീരുമാനിക്കുമെന്നും പ്രതിരോധ സെക്രട്ടറി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയുമിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്സെത്ത് വ്യക്തമാക്കി. പ്രസിഡന്റാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുക.വരുംദിവസങ്ങളിൽ കൂടുതൽ യു.എസ് പോർവിമാനങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.