വൈറ്റില കൊലപാതകം: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും

Tuesday 03 March 2026 2:58 AM IST

കേസിൽ സംശയങ്ങൾ ബാക്കിയുണ്ടെന്ന് പൊലീസ്

കൊച്ചി: വൈറ്റില ഫ്ലൈ ഓവറിന് സമീപം റെയിൽവേ ട്രാക്കിൽ യുവതിയെ കൊന്ന് തള്ളിയ കേസിൽ പ്രതി പൊന്നുരുന്നി സ്വദേശി കെ.വി.ഷാജിയെ (63) മരട് പൊലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനും വിവര ശേഖരണത്തിനുമാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. സംഭവം നടന്നതിന് അടുത്ത ദിവസം തന്നെ ട്രാക്കിന് സമീപം ഷാജിയുമൊത്ത് തെളിവെടുപ്പ് നടത്തിയിരുന്നു,

എന്നാൽ,​ ഷാജി നൽകിയ മൊഴികളും പൊലീസ് ശേഖരിച്ച സി.സി ടിവി ദൃശ്യങ്ങളും തമ്മിൽ ചില കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട കോട്ടയം സ്വദേശിനി സുധ ബേബിയുമായി ട്രാക്കിന് സമീപം എങ്ങനെയാണ് പ്രതി എത്തിയതെന്ന് സംബന്ധിച്ച് വ്യക്തത കൈവരുത്തേണ്ടതുണ്ട്. സുധയും ഷാജിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെപ്പറ്റിയും അന്വേഷണം തുടരുകയാണ്. യുവതിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഷാജി കൈപ്പറ്റിയിരുന്നു. ഇതു പിന്നീട് കൊടുത്തു തീർത്തെന്നാണ് പ്രതിയുടെ മൊഴിയെങ്കിലും പൊലീസ് പൂർണവിശ്വാസത്തിൽ എടുത്തിട്ടില്ല.

തെളിവെടുപ്പ് പൂർത്തിയായാൽ 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ 25ന് പുലർച്ചെയാണ് സുധയെ ട്രാക്കിന് സമീപം കൊന്നു തള്ളിയത്.