വേമ്പനാട് കായൽ പുനരുജ്ജീവനത്തിന് 1700 കോടി

Monday 02 March 2026 11:05 PM IST

ആലപ്പുഴ: വേമ്പനാട് കായൽ പുനരുജ്ജീവനത്തിനായി പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിൻ രണ്ടാം ഘട്ടത്തിന് തുടക്കമായി. കായൽ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനും 1700 കോടി രൂപയുടെ ബൃഹത് പദ്ധതി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു. മാലിന്യ ശേഖരണത്തിന് സജ്ജമാക്കിയ വള്ളത്തിന്റെ ഫ്ലാഗ് ഓഫ് തണ്ണീർമുക്കം ബോട്ട് ജെട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി ഫിഷറീസ്, കൃഷി, ഇറിഗേഷൻ വകുപ്പുകൾക്കായി തയ്യാറാക്കിയ 702 കോടിയുടെ പദ്ധതികൾ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. 1000 കോടി രൂപയുടെ അധിക പ്രൊജക്റ്റുകൾ ഉടൻ സമർപ്പിക്കും. കായലിന്റെ അടുത്തപ്രദേശങ്ങളിലുള്ള 28 പഞ്ചായത്തുകളിൽനിന്നും മുൻസിപ്പാലിറ്റികളിൽ നിന്നും ഇതിനോടകം 28 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു. രണ്ടാം ഘട്ടമായി കൂടുതൽ ശാസ്ത്രീയമായ ഇടപെടലുകൾ നടത്തും.

ചടങ്ങിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ .കെ.പ്രസന്നൻ അദ്ധ്യക്ഷനായി.

 സർക്കാർ സംവിധാനങ്ങൾക്കൊപ്പം കോർപ്പറേറ്റുകളെയും ജനങ്ങളെയും പങ്കാളികളാക്കും

 38 കോർപ്പറേറ്റുകൾ സി.എസ്.ആർ ഫണ്ട് വഴി ദൗത്യത്തിൽ സഹകരിക്കും

 തീരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാമ്പയിനിന്റെ ഒന്നാംഘട്ടം വിജയിച്ചിരുന്നു

 ഇതിന്റെ തുടർച്ചയായാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ മാർച്ച് 31 വരെ നടത്തുന്നത്.  പൈലറ്റ് പദ്ധതിയായി തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, രാമങ്കരി പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭ പരിധിയിലും ശുചീകരണം

 മത്സ്യ, കക്ക തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഹരിതകർമ്മസേന പ്രവർത്തകരും ക്യാമ്പയിനിന്റെ ഭാഗമാകും.

ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കിലോയ്ക്ക് 25 രൂപ നിരക്കിൽ പ്രതിഫലം നൽകുന്നതിലൂടെ മത്സ്യത്തൊഴിലാളികളെയും ഹരിതകർമ്മസേനയെയും പദ്ധതിയുടെ ഭാഗമാക്കും

- ജില്ലാ കളക്ടർ